വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ പ്രതികരണവുമായി അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാനാണ് വൈറ്റ് ഹൗസ് നിർദ്ദേശിച്ചത്. തങ്ങളുടെ മണ്ണിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് താലിബാൻ ഉറപ്പാക്കണമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി ആവശ്യപ്പെട്ടു.
അമേരിക്കയേയും അതിന്റെ സഖ്യകക്ഷികളേയും ആക്രമിക്കണമെന്ന ലക്ഷ്യവുമായി എത്തുന്ന തീവ്രവാദികൾക്ക് അഫ്ഗാനിസ്ഥാൻ ഇനിയൊരു സുരക്ഷിത താവളമാകില്ലെന്ന് ഉറപ്പാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും കരീൻ ജീൻ പിയറി വ്യക്തമാക്കി. ” പാകിസ്താൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി അതിർത്തിയിൽ ഇരുകൂട്ടരും സംഘർഷത്തിലേർപ്പെട്ടിരിക്കുകയാണ്. അഫ്ഗാനിൽ സാധാരണക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഖേദം പ്രകടിപ്പിക്കുകയാണ്. എന്നാൽ അഫ്ഗാന്റെ മണ്ണിൽ നിന്ന് ഭീകരാക്രമണങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് താലിബാനോടും അഭ്യർത്ഥിക്കുകയാണ്.
ഭീകര വിരുദ്ധ നടപടികളുടെ പേരിൽ സാധാരണക്കാർക്ക് ദോഷം വരുത്തുന്ന പ്രവർത്തികൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് താലിബാനോടും അഭ്യർത്ഥിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും അതെല്ലാം ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഞങ്ങൾ അഭ്യർത്ഥിക്കുന്നത്. അഫ്ഗാനിസ്ഥാൻ ഇനിയൊരിക്കലും തീവ്രവാദികളുടെ കേന്ദ്രമാകില്ലെന്ന് ഉറപ്പാക്കാൻ അമേരിക്കയും പ്രതിജ്ഞാബദ്ധരാണ്. ഞങ്ങൾക്കോ ഞങ്ങളുടെ പങ്കാളികളായ സഖ്യകക്ഷികൾക്കോ എതിരെ അവിടെ നിന്ന് ആക്രമണമുണ്ടാകുന്ന സ്ഥിതിയുണ്ടാകരുതെന്നും” ജീൻ പിയറി പറയുന്നു
അഫ്ഗാനിലെ ഖോസ്റ്റ്, പക്തിയ പ്രവിശ്യകളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഇത്തരം വ്യോമാക്രമണങ്ങൾ തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് താലിബാൻ വ്യക്തമാക്കി. പിന്നാലെയാണ് പാക് സൈനിക പോസ്റ്റുകൾക്ക് നേരെ താലിബാന്റെ നേതൃത്വത്തിൽ ആക്രമണമുണ്ടായത്. ഹാഫിസ് ഗുൽ ബഹാദൂർ ഗ്രൂപ്പിലെ ഭീകരരെ ലക്ഷ്യമിട്ടാണ് അഫ്ഗാനിൽ തങ്ങൾ ആക്രമണം നടത്തിയതെന്നാണ് പാകിസ്താന്റെ വാദം. നിരോധിത ഭീകര സംഘടനയായ തെഹ്രീകെ താലിബാനോടൊപ്പം ചേർന്ന് ഹാഫിസ് ഗുൽ ബഹാദൂർ ഗ്രൂപ്പ് പാകിസ്താനിൽ ഒന്നിലധികം ഭീകരാക്രമണങ്ങൾ നടത്തിയെന്നും, നൂറുകണക്കിന് സാധാരണക്കാരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതെന്നും പാക് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.















