നാല് മാസം പ്രായമുള്ള ചെറുമകന് 240 കോടി രൂപയുടെ ഓഹരികൾ സമ്മാനമായി നൽകി ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തി. ചെറുമകൻ ഏകാഗ്ര രോഹൻ മൂർത്തി 1.5 ലക്ഷം ഓഹരികൾ സ്വന്തമാക്കിയതായി ഇൻഫോസിസ് വെളിപ്പെടുത്തി. അതായത്, കമ്പനിയുടെ 0.04 ശതമാനം ഓഹരി വരുമിത്. കഴിഞ്ഞ ദിവസം നടന്ന ഓഫ് ദ് മാർക്കറ്റ് ഇടപാടിലാണ് നാരായണമൂർത്തി സമ്മാനം നൽകിയത്.
ഇതോടെ മൂർത്തിയുടെ ഓഹരികൾ 0.40 ശതമാനത്തിൽ നിന്ന് .036 ശതമാനമായി കുറഞ്ഞു. അദ്ദേഹത്തിന്റെ മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര. അചഞ്ചലമായ ശ്രദ്ധയും നിശ്ചയദാർഢ്യവും എന്ന് അർത്ഥം വരുന്ന പദമായ ഏകാഗ്രത എന്ന വാക്കിൽ നിന്നാണ് ചെറുമകന് ഏകാഗ്ര എന്ന പേര് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. മഹാഭാരതത്തിൽ അർജുനന്റെ ഏകാഗ്രതയോടാണ് അദ്ദേഹം ഉപമിച്ചത്.















