അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പര വീണ്ടും മാറ്റിവച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇത്തവണ ഓഗസ്റ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് മാറ്റിവച്ചത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷം ഇത് മൂന്നാം തവണയാണ് ഓസ്ട്രേലിയ അഫ്ഗാനുമായി സഹകരിക്കാതിരിക്കുന്നത്.
ഇപ്പോഴും സ്ത്രീ സ്വാതന്ത്ര്യം നിഷേധിച്ച് അവരെ അടിമയാക്കുന്ന സമീപനമാണ് താലിബാൻ തുടരുന്നതെന്നാണ് ഓസ്ട്രേലിയ വ്യക്തമാക്കുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും ജോലി ചെയ്യാനുള്ള അവകാശത്തെയും നിഷേധിക്കുന്ന താലിബാൻ വലിയ നിയന്ത്രണങ്ങളാണ് സ്ത്രീകൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഒരു അയവും ഇതിലുണ്ടായിട്ടില്ലെന്ന് വിലയിരുത്തിയാണ് പരമ്പര ഒഴിവാക്കുന്നത്.
ദക്ഷിണാഫ്രിക്കയിൽ അണ്ടർ 19 ടി20 ലോകകപ്പ് കളിക്കാതിരുന്ന ഏക ടീം അഫ്ഗാനായിരുന്നു. വനിതകളെ ക്രിക്കറ്റിൽ നിന്ന് വിലക്കിയിരിക്കുകയാണ്. 2021 ൽ താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം ഒരു കായിക ഇനങ്ങളിലും സ്ത്രീകൾക്ക് പങ്കെടുക്കാനാവുന്നില്ല.