അഴിമതിക്കാർക്കെതിരെ അന്വേഷണ ഏജൻസികൾ നടപടി എടുക്കുന്നത് എന്തിനാണെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

Published by
Janam Web Desk

ന്യൂഡൽഹി: അഴിമതിക്കാർക്കെതിരെ അന്വേഷണ ഏജൻസികൾ നടപടി എടുക്കുന്നതിനെ ചോദ്യം ചെയ്ത പ്രതിപക്ഷ കക്ഷി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ശക്തരായവർ അഴിമതി നടത്തിയാൽ അത് ആരും ചോദ്യം ചെയ്യില്ലെന്ന ആക്ഷേപത്തിനാണ് അവസാനമായിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

” 2014ന് ശേഷം ഈ രാജ്യത്ത് വലിയൊരു മാറ്റം സംഭവിച്ചിട്ടുണ്ട്. 2014ന് മുൻപ് പല വീടുകളിലും അഴിമതിയെ കുറിച്ച് ചർച്ച ചെയ്യുമായിരുന്നു. എന്നാൽ അന്നത്തെ സർക്കാർ ജനങ്ങൾക്ക് മുന്നിൽ തെറ്റായ വാദങ്ങൾ നിരത്തി അവർ നടത്തിയ അഴിമതികളെ പ്രതിരോധിക്കാൻ ശ്രമിച്ചു. ഇന്ന് ആ സാഹചര്യമെല്ലാം മാറിയിരിക്കുകയാണ്. ഈ സർക്കാർ അഴിമതിക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നത്. കൃത്യമായ തെളിവുകൾ ശേഖരിച്ചാണ് അഴിമതിക്കാരെ കുടുക്കുന്നത്.

അതുകൊണ്ട് തന്നെ അഴിമതി നടത്തുന്നവരെല്ലാം പ്രതിരോധത്തിലായിരിക്കുകയാണ്. ഇഡിയും സിബിഐയും പോലെയുള്ള അന്വേഷണ ഏജൻസികൾ എന്തിന് വേണ്ടിയാണെന്നാണ് നേരത്തെ ഈ രാജ്യത്തെ ജനങ്ങൾ ചോദിച്ചത്. എന്നാൽ അഴിമതിക്കാർക്കെതിരെ നടപടി എടുക്കാൻ തുടങ്ങിയതോടെ പലരും ഭയത്തിലാണ്. എന്തിനാണ് ഏജൻസികൾ തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതെന്നാണ് അവർ ഇപ്പോൾ ചോദിക്കുന്നത്. കഴിഞ്ഞ 10 വർഷമായി ഈ മാറ്റം അറിയാൻ കഴിയും.

അഴിമതിക്കാരെ കണ്ടെത്തുന്നതും ഇപ്പോൾ എളുപ്പമാണ്. കാരണം പണവും പണമെത്തിയ വഴിയും ഒളിപ്പിച്ച് വക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ടാണ് ചില അഴിമതിക്കാരായ നേതാക്കളുടെ വീടുകൾ, ഭിത്തികൾ, കിടക്കകൾ തുടങ്ങിയവയിൽ നിന്നെല്ലാം പണം കണ്ടെത്തുന്നത്. കോൺഗ്രസ് നേതാക്കളുടേയും തൃണമൂൽ നേതാക്കളുടേയുമെല്ലാം വീടുകളിൽ നിന്ന് പണം കണ്ടെത്തി. അതുകൊണ്ടാണ് ഇപ്പോൾ തങ്ങളും പിടിക്കപ്പെടാതിരിക്കാൻ പ്രതിപക്ഷം ഒന്നാകെ ഇതിനെതിരെ രംഗത്ത് വരുന്നതെന്നും” പ്രധാനമന്ത്രി പറയുന്നു.

Share
Leave a Comment