പാലക്കാട്: ഒങ്ങല്ലൂരിൽ കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. പരുത്തി സ്വദേശി ബാബുരാജാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 5.15 കിലോ കഞ്ചവും 39 ഗ്രാമോളം മെത്താംഫിറ്റമിനും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. എക്‌സൈസ് ഉദ്യോഗസ്ഥർക്കും പൊലീസിനും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടന്നത്.
എന്നാൽ ഉദ്യോഗസ്ഥരെ നേരിടാനായി ഇയാൾ വിദേശയിനം നായ്‌ക്കൾക്ക് പരിശീലനം നൽകിയിരുന്നു. ഇവയെ പ്രതിരോധിച്ചാണ് ഉദ്യോഗസ്ഥർ ബാബുരാജിനെ കീഴ്‌പ്പെടുത്തിയത്. പാലക്കാടിന്റെ വിവിധ ഭാഗങ്ങളിൽ യുവാക്കൾക്കിടയിൽ വ്യാപകമായി കഞ്ചാവ് വിൽപന ചെയ്യുന്ന വ്യക്തിയാണിയാളെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്‌തെന്നും മയക്കുമരുന്ന് ഇയാൾക്ക് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് സംബന്ധിച്ച വിവരങ്ങൾ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.















