ന്യൂഡൽഹി: മദ്യനയകുഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കലാപഭൂമിയാക്കാനുള്ള ആസൂത്രിത ശ്രമമാണ് ആപ്പ് നേതാക്കൾ നടത്തുന്നത്. ഇ.ഡി അറസ്റ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ എഎപി തെരുവിലിറങ്ങി പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ബിജെപി ഓഫീസിലേക്ക് മന്ത്രിമാരായ അതിഷിയുടെയും സൗരഭ് ഭരദ്വാജിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിന് പിന്നാലെ ഡൽഹി നഗരം സ്തംഭിച്ചു.
വിവിധ സർക്കാർ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്‌ക്ക് കൈമാറാൻ കെജ്‌രിവാൾ സർക്കാർ കൊണ്ടുവന്ന നയത്തിൽ അഴിമതിയുണ്ടെന്നാണ കേസിലാണ് ഡൽഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.
തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് കെജ്‌രിവാളിന്റെ അറസ്റ്റ്. മുതിർന്ന നേതാക്കളുടെ അഭാവമാണ് പാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളി. ഉപമുഖ്യമന്ത്രിയായിരുന്ന എഎപി നേതാവും കേജ്‌രിവാളിന്റെ വലംകൈയുമായ മനീഷ് സിസോദിയയെ ഇതേ കേസിൽ നേരത്തേതന്നെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. മുതിർന്ന നേതാക്കളായ സത്യേന്ദർ ജെയ്ൻ, സഞ്ജയ് സിംഗ് തുടങ്ങിയവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ജനസമ്മിതിയിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന പ്രതീക്ഷയിലായിരുന്നു പല നേതാക്കളും. എന്നാൽ പ്രതീക്ഷയ്ക്കും വിരുദ്ധമായി ഇഡി അറസ്റ്റ് ചെയ്തത് പാർട്ടിയെ ചൊടിപ്പിച്ചിട്ടുണ്ട്.