തിരുവനന്തപുരം: പ്രവചനം തെറ്റിക്കാതെ കനത്ത വേനലിന് ആശ്വാസം പകർന്ന് വേനൽമഴ. കോട്ടയത്തെ വിവിധ പ്രദേശങ്ങളിലാണ് മഴ പെയ്തത്. ജില്ലയിൽ കിഴക്കൻ മേഖലയിൽ ഉച്ചയോടെ മഴ പെയ്തിറങ്ങി. ഭരണങ്ങാനം, പാല, പൂഞ്ഞാർ, ഈരാറ്റുപേട്ട, മേലുകാവ് തുടങ്ങിയ മേഖലകളിലാണ് മഴ ലഭിച്ചത്.
വരും മണിക്കൂറുകളിലും ആശ്വാസമേകി കോട്ടയം ജില്ലയിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലും വേനൽമഴ പെയ്യാൻ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
താപനില ഉയർന്നതോടെ കൊടും ചൂടിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങൾ. ഇതിനായി എസിയുടെ ഉപയോഗം വർദ്ധിപ്പിച്ചത് വൈദ്യുതി ഉപയോഗത്തെയും സർവകാല റെക്കോർഡിൽ എത്തിച്ചിരിക്കുകയാണ്. ഈ ചൂടിന് ഒരു താത്കാലിക ആശ്വാസമെന്നോളമാണ് കോട്ടയം ജില്ലയിലെ വിവിധയിടങ്ങളിൽ മഴപെയ്തിരിക്കുന്നത്.