ഹൈദരബാദ്: ആയുധധാരികളായ മോഷ്ടാക്കളെ അടിച്ച് നിലംപരിശാക്കി അമ്മയും മകളും. തെലങ്കാനയിലെ സെക്കന്തരാബാദിലാണ് സംഭവം. വീട്ടിൽ കയറിയ കള്ളൻമാരുമായുള്ള ഏറ്റുമുട്ടലിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അമിതാ മഹ്നോട്ടിന്റെ വീട്ടിൽ തോക്കുമായി രണ്ടംഗ സംഘം കയറിയത്. അമ്മയ്‌ക്കും മകൾക്കും നേരെ തോക്ക് ചൂണ്ടിയ സംഘം വിലപിടിപ്പുള്ള സാധനങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സീൻ മാറിമറിഞ്ഞത് നിമിഷങ്ങൾക്കുള്ളിലായിരുന്നു. ആയോധനകലയിൽ പ്രാവീണ്യമുള്ള അമ്മ തോക്ക് തട്ടിയെടുക്കുകയും മകളുമായി ചേർന്ന് ഇരുവരേയും അടിച്ച് താഴെയിടുകയും ചെയ്തു.
#WATCH | Hyderabad, Telangana: A mother and daughter fight back against two armed robbers who enter their residence to rob and kill them, in Paigah Colony, Rasoolpura.
(CCTV visuals, confirmed by Hyderabad Police) pic.twitter.com/QRiVGauYOo
— ANI (@ANI) March 22, 2024
ഹെൽമറ്റ് ധരിച്ചിരുന്ന കള്ളനെ പിടികൂടാൻ അമ്മയും മകളും ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ അവനെ കയ്യിൽ കിട്ടിയപ്പോൾ അടിച്ച് അവശനാക്കി നിലത്തിട്ട് ചവിട്ടി ഗേറ്റിന് പുറത്താക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പൊലീസ് വീട്ടിലെത്തി അമ്മയേയും മകളേയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.