ന്യൂഡൽഹി: അരുണാചൽ പ്രദേശിനെക്കുറിച്ച് ചൈന നടത്തുന്ന പരാമർശങ്ങൾ ആവർത്തിച്ചുള്ള അസംബന്ധങ്ങളാണെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. അതിർത്തി സംസ്ഥാനമായ അരുണാചൽ ഇന്ത്യയുടെ ഭാഗമാണെന്നും അദ്ദേഹം അസന്നിഗ്ധമായി വ്യക്തമാക്കി.
ഇക്കാര്യത്തിൽ അന്നും ഇന്നും ഇന്ത്യക്ക് കൃത്യമായ, സ്ഥിരതയുള്ള നിലപാടുണ്ട്. ഇതൊരു പുതിയ പ്രശ്നമല്ല. അതയാത്, ചൈന ഈ അവകാശവാദം നാളുകളായി ഉന്നയിക്കുന്നതാണ്. ഇപ്പോൾ ആ വാദത്തെ കുറച്ചുകൂടി വലുതാക്കി. ഈ വാദം ആരംഭിച്ച കാലത്ത് തന്നെ അത് അസംബന്ധമായിരുന്നു. വാദം തീർത്തും വിഡ്ഢിത്തമാണെന്നതിനാൽ ഇന്നും അടിസ്ഥാന രഹിത ആരോപണമായി തുടരുന്നു. – ജയശങ്കർ പറഞ്ഞു.
ത്രിദിന സന്ദർശനത്തിനായി സിംഗപ്പൂരിലെത്തിയ ജയശങ്കർ, NUS ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യൻ സ്റ്റഡീസിൽ പ്രഭാഷണം നടത്തിയതിന് പിന്നാലെ അരുണാചൽ പ്രദേശിനെ സംബന്ധിച്ച് ചോദ്യമുയർന്നപ്പോഴായിരുന്നു ഇപ്രകാരം പ്രതികരിച്ചത്.
അരുണാചൽ പ്രദേശിലെ പല മേഖലകളും സൗത്ത് ടിബറ്റാണെന്നാണ് ചൈനയുടെ അവകാശവാദം. ഈ പ്രദേശത്തെ സംഗ്നാൻ എന്നാണ് ചൈന വിളിക്കുന്നത്. കഴിഞ്ഞയിടയ്ക്ക് സേല തുരങ്കം രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അരുണാചലിൽ എത്തിയിരുന്നു. നരേന്ദ്രമോദിയുടെ സന്ദർശനത്തിൽ കനത്ത അതൃപ്തിയായിരുന്നു ചൈന പ്രകടിപ്പിച്ചത്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനത്തെക്കുറിച്ച് ആവർത്തിച്ച് അസംബന്ധം പറയുന്നത് ചൈന നിർത്തണമെന്നായിരുന്നു ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.