തിരുവനന്തപുരം: കേരളത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ടോപ്പ് ഗിയറിലാക്കാൻ ഒരുങ്ങി എൻഡിഎ. കൂടുതൽ മണ്ഡലങ്ങളിൽ പ്രചാരണത്തിനും റോഡ് ഷോകൾക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇനിയും കേരളത്തിലെത്തും.
ഏപ്രിൽ ആദ്യവാരമോ ഈ മാസം അവസാന ദിവസങ്ങളിലോ പ്രധാനമന്ത്രിയെ വീണ്ടും കേരളത്തിലെത്തിക്കാനാണ് ശ്രമം. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് വേണ്ടിയാകും മോദി എത്തുന്നത്. മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവരും കേരളത്തിൽ പ്രചാരണത്തിനെത്തുമെന്നാണ് വിവരം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് പ്രധാനമന്ത്രി പ്രചാരണത്തിന് എത്തിയത്. രണ്ടിടങ്ങളിലും പതിനായിരങ്ങളാണ് പ്രധാനമന്ത്രിയെ കാണാൻ തടിച്ചുകൂടിയിരുന്നത്. പ്രധാനമന്ത്രി വീണ്ടും വരുന്നത് എൻഡിഎയുടെ വിജയസാദ്ധ്യത ഇരട്ടിയാക്കുമെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുളളത്.
അടുത്തിടെയായി അഞ്ച് തവണ പ്രധാനമന്ത്രി കേരളത്തിലെത്തിയിരുന്നു. ഓരോ സന്ദർശനത്തിലും പൊതുജനങ്ങളിൽ നിന്നും വലിയ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്.