വിരമിക്കൽ പ്രഖ്യാപിച്ച് നാലു വർഷത്തിന് ശേഷം തീരുമാനം പിൻവലിക്കുന്നുവെന്ന് മുൻ താരം മുഹമ്മദ് ആമിർ. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി സംസാരിച്ച ശേഷമാണ് താരത്തിന്റെ തീരുമാനം. വിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിലേക്ക് ആമിറിനെ പരിഗണിക്കുമെന്നാണ് സൂചന. 2020ലാണ് ആമിർ വിരമിക്കൽ പ്രഖ്യാപിച്ചത്. പിസിബി മാനേജ്മെന്റിൽ നിന്ന് നേരിട്ട മാനസിക പീഡനത്തെ തുടർന്നാണ് തീരുമാനമെന്നായിരുന്നു അന്നത്തെ വെളിപ്പെടുത്തൽ.
ലോർഡ്സ് ടെസ്റ്റിൽ ഒത്തുക്കളിച്ച താരം പണം വാങ്ങി രണ്ടു നോബോളുകൾ തുടരെ എറിഞ്ഞിരുന്നു. കുറ്റകൃത്യം കണ്ടെത്തിയതിന് പിന്നാലെ ആമിറിന് അഞ്ചുവർഷം വിലക്കേർപ്പെടുത്തുകയും ചെയ്തു. നിലവിൽ 31കാരനായ ആമിർ പാകിസ്താൻ സൂപ്പർ ലീഗിൽ കളിച്ചിരുന്നു. 2009 ലെ ടി20 ലോകകപ്പിലും 2017ലെ ചാമ്പ്യൻസ് ട്രോഫിയും കളിച്ച താരം പ്രതാപകാലത്തിന്റെ നിഴൽ മാത്രമാണ് നിലവിൽ.
പാകിസ്താന് വേണ്ടി വീണ്ടും കളിക്കുന്നത് ഞാൻ ഇപ്പോഴും സ്വപ്നം കാണുന്നു!”ചില സമയങ്ങളിൽ നമ്മുടെ തീരുമാനങ്ങൾ പുനർവിചിന്തനം ചെയ്യേണ്ട ഘട്ടത്തിലേക്ക് ജീവിതം നമ്മെ എത്തിക്കും. ഞാനും പിസിബിയും തമ്മിൽ നല്ല ചർച്ചകൾ നടന്നിട്ടുണ്ട്. എന്നെ അവർക്ക് ആവശ്യമുണ്ടെന്നും വീണ്ടും പാകിസ്താന് കളിക്കാൻ പരിഗണിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ടി20 ലോകകപ്പ് കളിക്കാൻ ഞാൻ തയ്യാറാണ്. എന്റെ വ്യക്തിപരമായ തീരുമാനങ്ങൾക്ക് ഉപരി എന്റെ രാജ്യത്തിന് വേണ്ടിയാണിത് ചെയ്യുന്നത്— ആമിർ എക്സിൽ വ്യക്തമാക്കി