ന്യൂഡൽഹി: ജമ്മു കശ്മീരിൽ നിന്ന് തീവ്രവാദം എന്ന വിപത്ത് തുടച്ചുനീക്കപ്പെട്ടാൽ അഫ്സ്പ പിൻവലിക്കാൻ സാധിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ.
കശ്മീരിൽ അഫ്സ്പ പിൻവലിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിൽ സൈന്യത്തെ പിൻവലിച്ചു കൊണ്ട് ക്രമസമാധാന ചുമതല കശ്മീർ പൊലീസിന് മാത്രമായി വിട്ടുകൊടുക്കാൻ കേന്ദ്രം പദ്ധതി ഇടുന്നുണ്ടെന്നാണ് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞത്.
” ഭീകരരെ ചെറുക്കുന്നതിന് അഫ്സ്പ ആവശ്യമാണ്. തീവ്രവാദം എന്ന വിപത്ത് ഇല്ലാതാവുകയാണെങ്കിൽ അഫ്സ്പ പിൻവലിക്കാൻ സാധിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിൽ കശ്മീർ സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നീങ്ങുകയാണെന്ന് അമിത് ഷാ പറഞ്ഞത് വളരെ ശരിയായിട്ടുള്ള കാര്യമാണ്. കശ്മീർ ഇന്ന് ശരിയായ ദിശയിലാണ് നീങ്ങുന്നത്.
അതുകൊണ്ട് തന്നെ സുരക്ഷാ നിയന്ത്രണം പൊലീസ് ഉദ്യോഗസ്ഥരുടെ കൈകളിലേക്ക് എത്തുന്ന ദിവസം വിദൂരമല്ല. കഴിഞ്ഞ 10 വർഷം കൊണ്ട് കശ്മീർ വലിയ വികസന മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. ദിവസേനയുള്ള കല്ലേറുകളിൽ നിന്നെല്ലാം അവർ മോചനം നേടി. മേഖലയിൽ സമാധാനം തിരിച്ചു വന്നിരിക്കുകയാണ്. സിനിമാ തീയേറ്ററുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചു, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു, കായികരംഗത്ത് മുന്നേറ്റമുണ്ടായി, ഇങ്ങനെ എല്ലാ രീതിയിലും കശ്മീർ മാറിക്കൊണ്ടിരിക്കുകയാണ്.
നേരത്തെ കശ്മീർ ഭരിച്ച മൂന്ന് കുടുംബങ്ങൾ, വിഘടനവാദത്തിൽ നിന്ന് അകന്ന് ജനങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാകുന്നത് കണ്ട് നിരാശരായിരിക്കുകയാണ്. നാഷണൽ കോൺഫറൻസും പിഡിപിയും കോൺഗ്രസുമെല്ലാം ജമ്മു കശ്മീരിനെ അഴിമതിയിലൂടെ നശിപ്പിച്ചു. ഭീകരവാദത്തിലൂടെ 45,000ത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെട്ട കശ്മീരിലാണ് മോദി സർക്കാർ വികസനത്തിന്റെ പാത തെളിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം രണ്ട് കോടിയിലധികം സഞ്ചാരികളാണ് കശ്മീർ താഴ്വര സന്ദർശിച്ചതെന്നും” അനുരാഗ് താക്കൂർ വ്യക്തമാക്കി.