തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ബിജെപി. സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ചുമതലക്കാരെ നിശ്ചയിച്ചു. കേരളത്തിൽ നളിൻ കുമാർ കാട്ടീൽ സഹപ്രഭാരിയാകും. ബിജെപി കർണാടക മുൻ അദ്ധ്യക്ഷനും എംപിയുമാണ് നളിൻ കുമാർ കാട്ടീൽ.
രാജ്യസഭ എംപി ദിനേശ് ശർമ്മ മഹാരാഷ്ട്രയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കും. ബിഹാർ എംഎൽഎ നിതിൻ നബീൻ ഛത്തീസ്ഗഡിന്റെ ചുമതല വഹിക്കും.
ബിഹാർ എംഎൽഎ സഞ്ജീവ് ചൗരസ്യ, രമേശ് ബിദൂരി, സഞ്ജയ് ഭാട്ടിയ എന്നിവരെ ഉത്തർപ്രദേശിന്റെ സഹ ചുമതലക്കാരായി നിയോഗിച്ചു. രമേശ് ബിദൂരിയും സഞ്ജയ് ഭാട്ടിയയും നിലവിലെ എംപിമാരാണ്. ഇക്കുറി ഇരുവരും സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിരുന്നില്ല. പാർട്ടി വൈസ് പ്രസിഡന്റ് വൈജയന്ത് ജയ് പാണ്ഡയാണ് യുപിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നത്.