അമൃത്സർ: പഞ്ചാബിൽ സംശയകരമായി കണ്ടെത്തിയ ഡ്രോൺ പിടികൂടി ബിഎസ്എഫ്. അമൃത് സറിലെ ദൗക്ക് ഗ്രാമത്തിന് സമീപത്ത് നിന്നാണ് ഡ്രോൺ പിടികൂടിയത്. ഇന്നലെ വൈകിട്ടോടെ അസാധാരണ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡ്രോൺ ശ്രദ്ധയിൽപെട്ടതെന്ന് ബിഎസ്എഫ് അറിയിച്ചു. പാക് അതിർത്തിയിൽ നിന്ന് ഡ്രോണുകൾ ഇന്ത്യൻ മേഖലയിലേക്ക് പറത്തുന്നത് പതിവായതിനാൽ തുടരന്വേഷണത്തിനായി ഡ്രോൺ കണ്ടെടുക്കുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം അമൃത്സറിന്റെ അതിർത്തി പ്രദേശത്ത് നിന്ന് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയിരുന്നു. സുരക്ഷാ സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സംഭവസ്ഥലത്തെത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടു. പരിശോധനയിൽ പ്രതികൾ ഉപേക്ഷിച്ചു പോയ ഹെറോയിൻ ശേഖരം കണ്ടെടുത്തു. 1.140 കിലോ ഗ്രാം ഹെറോയിനാണ് കണ്ടെടുത്തത്.
രഹസ്യ വിവരത്തെ തുടർന്ന് പഞ്ചാബിന്റെ അതിർത്തി പ്രദേശത്തിലൂടെ കടത്താൻ ശ്രമിച്ച മറ്റൊരു ലഹരിക്കടത്ത് ശ്രമവും സുരക്ഷാ സേന പരാജയപ്പെടുത്തി. കഴിഞ്ഞ ദിവസം മറ്റൊരു ലഹരിക്കടത്ത് ശ്രമവും സുരക്ഷാ സേന പരാജയപ്പെടുത്തി. ടരൺ ടരൺ ജില്ലയുടെ അതിർത്തി പ്രദേശമായ നൗഷേര ധല്ല ഗ്രാമത്തിന് സമീപം ഡ്രോണുകൾ ഉപയോഗിച്ച് മയക്കുമരുന്നു കടത്തുന്നതായി വിവരം ലഭിച്ചു. പരിശോധനക്കിടെ സ്ഥലത്ത് രണ്ട് പേരെ സംശയാസ്പദമായ രീതിയിൽ കണ്ടു. ബിഎസ്എഫ് സംഘത്തെ കണ്ടയുടൻ പ്രതികൾ രക്ഷപ്പെട്ടു. ഇവർ ഉപേക്ഷിച്ചു പോയ 530 ഗ്രാം ഹെറോയിൻ സേന കണ്ടെടുത്തു.