ബ്ലെസ്സിയിലൂടെ ഈശ്വരൻ പൃഥ്വിരാജിന് നൽകിയ വരദാനമാണ് ആടുജീവിതമെന്ന് മല്ലികാ സുകുമാരൻ. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതിന് ഈശ്വരനും ബ്ലെസ്സിക്കും ബെന്യാമിനും നന്ദിയെന്നും മല്ലികാ സുകുമാരൻ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മകൻ പൃഥ്വിരാജിനെയും സംവിധായകനെയും എഴുത്തുകാരനെയും മല്ലികാസുകുമാരൻ പ്രശംസിച്ചത്.
‘പൃഥ്വിയിലൂടെ നജീബിനെ കണ്ട് വിങ്ങുന്ന ഹൃദയവുമായി എന്നെ വിളിക്കുന്ന സഹോദരികളും പെൺകുട്ടികളും… കണ്ഠമിടറി എന്റെ മോനെ അഭിനന്ദിച്ചു കൊണ്ട് സംസാരിച്ച തീയേറ്റർ ഉടമകൾ….. മല്ലികച്ചേച്ചി ഇതെങ്ങനെ കാണും എന്ന് സ്നേഹത്തോടെ ചോദിക്കുന്ന കലാ സ്നേഹികൾ…. എന്തു പറയണം എന്നറിയില്ല പ്രിയപ്പെട്ടവരേ…. ബ്ലെസ്സിയിലൂടെ ഈശ്വരൻ നൽകിയ വരദാനമാണ്…. ഈശ്വരന് നന്ദി .. ബ്ലെസ്സിക്കും ബെന്യാമിനും നന്ദി….’- മല്ലികാ സുകുമാരൻ കുറിച്ചു.
നജീബ് ജീവിതത്തില്‍ നേരിട്ട സമാനതകളില്ലാത്ത യാതനകളെക്കുറിച്ചാണ് സിനിമയിലും പറയുന്നത്. പൃഥ്വിരാജ് പൂർണമായും നജീബായി മാറുകയായിരുന്നെന്നാണ് സിനിമാ പ്രേക്ഷകരും പറയുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ആടുജീവിതത്തെ വിലയിരുത്തുന്നത്. ലോകോത്തോര നിലവാരമുള്ള സിനിമയായും ആടുജീവിതം പ്രശംസ നേടുന്നുണ്ട്. അമല പോളാണ് ചിത്രത്തിലെ നായിക. എആർ റഹ്മാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.