ആടുജീവിതം മലയാളത്തിലെ മഹത്തായ ചിത്രങ്ങളിൽ ഒന്നാണെന്ന് എഴുത്തുകാരൻ ജയമോഹൻ. ലോക സിനിമയിൽ മലയാളത്തിന്റെ അടയാളമായി ആടുജീവിതം മാറുമെന്നുമാണ് ജയമോഹൻ ബ്ലോഗിൽ കുറിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തെയും മലയാളികളെയും വിമർശിച്ച് ജയമോഹൻ കുറിപ്പ് പങ്കുവച്ചത് വൻ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആടുജീവിതത്തെ പ്രകീർത്തിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
ആടുജീവിതം ലോക ക്ലാസിക് ആണ്, ലോകസിനിമയിൽ മലയാളത്തിന്റെ അടയാളമായി ഈ ചിത്രം മാറും. ഇത്രയും കലാപരമായ പൂർണതയോടെ ഒരുക്കാൻ ഇന്ത്യയിൽ ഇപ്പോൾ മലയാള സിനിമയ്ക്ക് മാത്രമേ സാധിക്കൂ എന്നുമായിരുന്നു ജയമോഹൻ ബ്ലോഗിൽ കുറിച്ചത്.
മഞ്ഞുമ്മൽ ബോയ്സ് തന്നെ അലോസരപ്പെടുത്തിയ ചിത്രമാണെന്നാണ് ജയമോഹൻ അന്ന് ബ്ലോഗിൽ കുറിച്ചത്. മലയാളികള്‍ക്ക് മദ്യപിക്കാനും ഛര്‍ദ്ദിക്കാനുമല്ലാതെ വേറൊന്നും അറിയില്ലെന്നും ജയമോഹൻ അഭിപ്രായപ്പെട്ടിരുന്നു. മയക്കുമരുന്നിന് അടിമകളായ എറണാകുളത്തെ ഒരു ചെറുസംഘമാണ് മലയാള സിനിമയുടെ കേന്ദ്രബിന്ദുവെന്നും ക്രൂരമായ വിമർശനമാണ് നടത്തിയത്. മലയാളികൾ കുടിച്ച് കൂത്താടുന്ന പെറുക്കികൾ എന്നർത്ഥം വരുന്ന വാക്ക് ഉപയോഗിച്ചത് വൻ വിമർശനത്തിനാണ് ഇരയാക്കിയത്. ഇതിന് പിന്നാലെ നിരവധിപേർ ജയമോഹനെതിരെ വിമർശനങ്ങളുമായി രംഗത്ത് എത്തിയിരുന്നു.