പ്രത്യാശയുടെ സന്ദേശവുമായി വിശ്വാസി സമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കും. യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. അമ്പത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഇന്ന്. ദേവാലയങ്ങളിൽ നോമ്പ് ആചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ഇന്ന് പുലർച്ചെ തന്നെ പ്രത്യേക പ്രാർഥനകളും ശുശ്രൂഷകളും നടന്നു.
വിവിധ ദേവാലയങ്ങളിൽ നടന്ന പ്രാർഥനകളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇന്നലെ അർദ്ധരാത്രിയും ഇന്ന് പുലർച്ചെയുമാണ് പ്രാർഥനകൾ നടന്നത്. ദു:ഖവെള്ളിദിനം കുരിശിലേറിയ യേശു മൂന്നാം ദിനം ഉയിർത്തെഴുന്നേറ്റു എന്നാണ് വിശ്വാസം. ഈ സുദിനത്തിൽ വിശ്വാസികൾ യേശുദേവന്റെ പീഡാനുഭവത്തെ അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു.
നെഞ്ച് പൊട്ടുന്ന വേദനയോടെ കുരിശുമേന്തി യേശുദേവൻ കിലോമീറ്ററോളം നടന്നു. കൊടും ക്രൂരതകളും പീഡനവും അനുഭവിച്ചു. ആ ദിവസത്തേക്കുള്ള തിരിഞ്ഞ് നോക്കലാണ് ഓരോ ഈസ്റ്ററും.
എഡി രണ്ടാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറിലാണ് ആദ്യമായി ഈസ്റ്റര്‍ ആഘോഷം നടന്നതെന്നാണ് പറയുന്നത്. നാലാം നൂറ്റാണ്ടിന്റെ തുടക്കം തന്നെ ഈസ്റ്റർ ഒദ്യോഗിക ആഘോഷമായി മാറിയിരുന്നു.