അമൃത്സർ: പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്കും, കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ശിരോമണി അകാലിദൾ എംപി ഹർസിമ്രത് കൗർ ബാദൽ. കോൺഗ്രസുകാർ പഞ്ചാബിലെ ജനങ്ങൾക്കൊപ്പമാണോ, അതോ അഴിമതിക്കാരനായ അരവിന്ദ് കെജ്രിവാളിനെ പിന്തുണയ്ക്കുകയാണോ എന്നതിൽ നിലപാട് വ്യക്തമാക്കണമെന്ന് ഹർസിമ്രത് ആവശ്യപ്പെട്ടു.
” പഞ്ചാബിലെ കോൺഗ്രസ് പാർട്ടി അവരുടെ നിലപാട് വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. പഞ്ചാബിലെ ജനങ്ങൾക്കൊപ്പമാണോ അതോ അഴിമതിക്കാരനായ കെജ്രിവാളിനെ പിന്തുണയ്ക്കുകയാണോ കോൺഗ്രസ് ചെയ്യുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിന്ന കെജ്രിവാളിനെതിരെ വിമർശനം ഉന്നയിച്ചവരാണ് ഇന്ന് അയാളെ പൊക്കിപ്പിടിച്ച് നടക്കുന്നത്.
രാംലീല മൈതാനിയിൽ കഴിഞ്ഞ ദിവസം നടന്ന ഇൻഡി മുന്നണിയുടേയും ആം ആദ്മി നേതാക്കളുടേയുമെല്ലാം റാലി അങ്ങേയറ്റം പരിഹാസ്യമായ നടപടിയാണ്. ഇഡിയുടെ ആവർത്തിച്ചുള്ള സമൻസ് ഒഴിവാക്കിയ കെജ്രിവാളിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇൻഡി മുന്നണിയിലെ നേതാക്കളെല്ലാം ഒത്തുകൂടിയത്. ഒൻപത് തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അറിയിച്ച് കെജ്രിവാളിന് ഇഡി നോട്ടീസ് നൽകിയത്. അദ്ദേഹത്തിന് ജാമ്യം നൽകാനും കോടതി വിസമ്മതിച്ചു.
കെജ്രിവാളിന്റെ മന്ത്രിസഭയിൽ ഉണ്ടായിരുന്ന മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും കഴിഞ്ഞ ഒന്നരവർഷമായി ജയിലിലാണ്. പഞ്ചാബിലും അവർ ഡൽഹിയിലേതിന് സമാനമായ രീതിയിൽ അഴിമതിയിൽ ഏർപ്പെട്ടിരുന്നു. പഞ്ചാബിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിന്റെ പേരിൽ ആം ആദ്മിയും കോൺഗ്രസും രണ്ട് പക്ഷത്താണെന്നാണ് പറയുന്നത്. എന്നാൽ അവർ ഒരുമിച്ചാണ് നിൽക്കുന്നത്. വോട്ടിന് വേണ്ടി ഇക്കൂട്ടർ ജനങ്ങളെ പറ്റിക്കുകയാണ്. ഇത്തവണ ജനങ്ങൾ തന്നെ അവർക്ക് കൃത്യമായ മറുപടി നൽകുമെന്നും” ഹർസിമ്രത് കൗർ പറയുന്നു.