ഗ്യാലനേജ് ഫീസ് പിൻവലിക്കണം, ഇല്ലെങ്കിൽ കുടിപ്പിച്ച് കിടത്തേണ്ടി വരും; എക്‌സൈസ് മന്ത്രിക്ക് ബെവ്‌കോ എംഡിയുടെ കത്ത്

Published by
Janam Web Desk

തിരുവനന്തപുരം: ബജറ്റിൽ വർദ്ധിപ്പിച്ച ഗ്യാലനേജ് ഫീസ് പിൻവലിച്ചില്ലെങ്കിൽ ബെവ്‌കോ കടുത്ത നഷ്ടത്തിലേക്ക് പോകുമെന്ന് ബെവ്‌കോ എംഡി. ഇതുസംബന്ധിച്ച കത്ത് എക്‌സൈസ് മന്ത്രി എം.ബി രാജേഷിന് ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത കൈമാറി. 300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ബജറ്റിൽ ഗ്യാലനേജ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചത്. ഇത് കുറച്ചില്ലെങ്കിൽ ബെവ്‌കോയ്‌ക്ക് പിടിച്ച് നിൽക്കണമെങ്കിൽ മദ്യവില വീണ്ടും കൂട്ടേണ്ടി വരും.

വെയർ ഹൗസുകളിൽ നിന്നും ഔട്ട്‌ലെറ്റുകളിലേക്ക് മദ്യം മാറ്റുമ്പോൾ ബെവ്‌കോ സർക്കാരിന് നൽകേണ്ട നികുതിയാണ് ഗ്യാലനേജ് ഫീസ്. കഴിഞ്ഞ സാമ്പത്തിക വർഷം ലിറ്ററിന് 5 പൈസയായിരുന്നത് ഇന്ന് മുതൽ 10 രൂപയായി ഉയർന്നു. ഇതുവഴി 300 കോടിയുടെ നഷ്ടം ബെവ്‌കോയ്‌ക്ക് ഉണ്ടാകുമെന്നാണ് എംഡി സർക്കാരിനെ അറിയിച്ചത്. ഒരു സാമ്പത്തിക വർഷം 1.25 കോടി രൂപയാണ് ഗ്യാലനേജ് ഫീസായി ബെവ്‌കോ നൽകുന്നത്. ഈ സ്ഥാനത്ത് പുതിയ നിരക്ക് വരുന്നതോടെ 300 കോടിയുടെ നഷ്ടമുണ്ടാകും.

ബെവ്‌കോയ്‌ക്ക് ലഭിക്കുന്ന ലാഭത്തിൽ നിന്നാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത്. ലാഭം കുറയുന്നത് ശമ്പളത്തേയും ബാധിക്കും. പിടിച്ചു നിൽക്കണമെങ്കിൽ മദ്യവില കൂട്ടേണ്ടി വരും. വില കൂട്ടുന്നത് വിൽപ്പനയെയും പ്രതികൂലമായി ബാധിക്കും.

Share
Leave a Comment