തിരുവനന്തപുരം: ഒരു സ്ഥാനാർത്ഥിയെന്ന നിലയിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നോ തോൽക്കുമെന്നോ തനിക്ക് പറയാൻ സാധിക്കില്ലെന്നും, വോട്ടർമാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട്ടിൽ സിറ്റിംഗ് എംപിയായ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്ന സ്ഥാനാർത്ഥി എന്ന നിലയിൽ മത്സരത്തിലെ വിജയ സാധ്യതയെക്കുറിച്ച് ഇൻഡോ ഏഷ്യൻ ന്യൂസ് സർവ്വീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
”ജനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കി അത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നതിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മോദിജിയുടെ ഗ്യാരണ്ടിയിൽ നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് വലിയ വിശ്വാസമുണ്ട്. ഇക്കാര്യങ്ങൾ ജനങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ട് തന്നെയാണ് പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നത്. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചും നയങ്ങളെക്കുറിച്ചുമെല്ലാം ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ജനാധിപത്യത്തിൽ വിശ്വസിച്ചും, ജനങ്ങൾ ശരിയായ തെരഞ്ഞെടുപ്പ് നടത്തുമെന്നും വിശ്വസിച്ചുമാണ് ഇതുവരെയുള്ള പ്രവർത്തനങ്ങളെല്ലാം.
വോട്ടർമാർക്ക് വേണ്ടി പല ചോദ്യങ്ങളും രാഹുലിനോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. അതിൽ ആദ്യത്തേത് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം വയനാട് മണ്ഡലത്തിലെ രാഹുലിന്റെ അസാന്നിധ്യത്തെ കുറിച്ച് തന്നെയാണ്. വിജയിച്ചതിന് ശേഷം വോട്ടർമാരെ വഞ്ചിക്കാനാണോ രാഹുൽ ശ്രമിക്കുന്നത്? പ്രളയ കാലത്തും കൊറോണ മഹാമാരിയുടെ സമയത്തും രാഹുൽ എന്തുകൊണ്ടാണ് ഈ മണ്ഡലത്തിലെ ജനങ്ങളുടെ ഒപ്പമുണ്ടാകാതിരുന്നത്?
വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങി പ്രശ്‌നമുണ്ടാക്കുന്നത് തടയാൻ എന്ത് ശ്രമമാണ് രാഹുലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്? വയനാട്ടിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കാൻ രാഹുൽ ഏതെങ്കിലും രീതിയിൽ ശ്രമിച്ചിട്ടുണ്ടോ? സ്ത്രീ ശാക്തീകരണത്തിന് ഏതെങ്കിലും രീതിയിലുള്ള പ്രവർത്തനം രാഹുലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്കെല്ലാം രാഹുൽ ഇവിടുത്തെ ജനങ്ങളോട് ഉത്തരം പറഞ്ഞേ മതിയാകൂ.
കേരളത്തെ എൽഡിഎഫും യുഡിഎഫും ചേർന്ന് തകർക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇക്കുറി കേരളത്തിൽ താമര വിരിയും. പത്തനംതിട്ടയിലും പാലക്കാടും നടന്ന പ്രചാരണ പരിപാടിക്കിടെ പ്രധാനമന്ത്രിയും ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. ഏഴ് മുതൽ എട്ട് സീറ്റുകളിലാണ് ഇക്കുറി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രോത്സാഹനം ഇവിടുത്തെ പ്രവർത്തകർക്ക് ലഭിക്കുന്നുണ്ട്, വികസന പദ്ധതികളെ ആധാരമാക്കിയുള്ള അദ്ദേഹത്തിന്റെ പ്രചാരണം കേരളത്തിലും അക്കൗണ്ട് തുറക്കാൻ സഹായിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ആണുള്ളത്. ഇൻഡി മുന്നണിയിലൂടെ ഇത് വളരെ വ്യക്തമായ കാര്യമാണ്. കേരളത്തിൽ സൗഹൃദമില്ലെന്ന് പറയുന്നവർ കേന്ദ്രത്തിലെത്തുമ്പോൾ കെട്ടിപ്പിടിച്ചാണ് നിൽക്കുന്നത്. ഇത് എങ്ങനെയാണ് ശരിയാകുന്നത്. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണിത്. എങ്ങനെയാണ് ഇൻഡി മുന്നണിയിലെ പ്രധാന നേതാക്കൾ ഒരേ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത്. ഞങ്ങൾക്ക് പോലും ആശ്ചര്യമുണ്ടാക്കുന്ന കാര്യമാണിത്.
പല സംസ്ഥാനങ്ങളിലും ഇക്കൂട്ടർ ഒരുമിച്ചാണ് മത്സരിക്കുന്നത്. കേരളത്തിൽ ബിജെപി തന്നെയാണ് ഇരുകൂട്ടരുടേയും പ്രധാന എതിരാളി. ഈ അവിശുദ്ധ കൂട്ടുകെട്ട് വോട്ടർമാർക്ക് മുന്നിൽ തുറന്ന് കാണിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. തമിഴ്‌നാട് ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും സിപിഐയും കോൺഗ്രസും കൈകോർത്ത് നിൽക്കുകയാണെന്ന് വോട്ടർമാർ അറിയണമെന്നും” കെ.സുരേന്ദ്രൻ പറയുന്നു.















