ഇടുക്കി: കഴിഞ്ഞ ദിവസം പാമ്പാടുംപാറയിൽ നിന്ന് കാണാതായ യുവതിയെ അഞ്ചുരുളിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടുംപാറ എസ്റ്റേറ്റ് ലയം സ്വദേശി ജോൺ മുരുകന്റെ മകൾ ഏയ്ഞ്ചലിനെയാണ്(24) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം മുതലാണ് യുവതിയെ കാണാതായത്. ബന്ധുവിന്റെ വീട്ടിൽ പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ രാത്രിയോടെ പെൺകുട്ടി ബന്ധുവിന്റെ വീട്ടിൽ എത്തിയിട്ടില്ലെന്ന് വിവരം ലഭിച്ചു. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ കുട്ടിയെ കട്ടപ്പന ഭാഗത്ത് കണ്ടതായി വിവരം ലഭിച്ചു.
ഇതിനിടെ അഞ്ചുരുളിയിലെ ടണലിന്റെ ഭാഗത്ത് യുവതിയുടെ ബാഗും ചെരുപ്പും കണ്ടെത്തി. തുടർന്ന് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.