സൂറത്ത്: അരുണാചൽ പ്രദേശിന് മേൽ ചൈന നടത്തുന്ന അവകാശവാദങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഗുജറാത്തിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിനിടെയായിരുന്നു ജയശങ്കറിന്റെ വാക്കുകൾ. പേരുമാറ്റിയെന്നത് കൊണ്ട് ഒരു സംസ്ഥാനത്തിന്റെയും ഉടമസ്ഥത മാറുകയില്ലെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി.
“നിങ്ങളുടെ വീടിന്റെ പേര് ഇന്ന് ഞാൻ മാറ്റിയെന്ന് കരുതുക. ആ വീട് എന്റേതാകുമോ? അരുണാചൽ പ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യയുടേതാണ്. ആരെങ്കിലും വന്ന് പേരുമാറ്റിയെന്നത് കൊണ്ട് അതിൽ യാതൊരു വ്യത്യാസവുമുണ്ടാകില്ല. നിയന്ത്രണരേഖയിൽ നമ്മുടെ സൈന്യം കാവൽനിൽപ്പുണ്ട്. ” ജയശങ്കർ പറഞ്ഞു.
അരുണാചൽ പ്രദേശിന്റെ അവകാശവാദമുന്നയിച്ച് ചൈന ആവർത്തിച്ച് നടത്തുന്ന പ്രസ്താവനകളോടായിരുന്നു വിദേശകാര്യമന്ത്രി പ്രതികരിച്ചത്. ഭാരതത്തിന്റെ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലൊന്നായ അരുണാചൽ പ്രദേശിലെ ഒരു പ്രത്യേക മേഖലയെ ‘സംഗ്നാൻ’ എന്ന് പേരിട്ട് വിശേഷിപ്പിക്കുന്ന ചൈന, ഈ പ്രദേശം ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്നു. അരുണാചൽ പ്രദേശിന്റെ കാര്യത്തിൽ എന്നും കൃത്യമായ സ്ഥിരതയുള്ള നിലാപാടണ് ഭാരതം സ്വീകരിച്ചിട്ടുള്ളതെന്നും ചൈന നടത്തുന്നത് അസംബന്ധ വാദങ്ങൾ മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.