ന്യൂഡൽഹി: ഡൽഹി സർക്കാർ ജയിലിൽ ഇരുന്ന് ഭരിക്കുമെന്ന ആംആദ്മി പാർട്ടിയുടെ വാദങ്ങൾ പ്രായോഗികമായി നടപ്പിലാക്കാൻ സാധിക്കാത്തതാണെന്ന് വ്യക്തമാക്കി തിഹാർ ജയിൽ മുൻ പിആർഒ സുനിൽ കുമാർ ഗുപ്ത. ജയിലിൽ ഇരുന്ന് നാട് ഭരിക്കാൻ സംവിധാനങ്ങൾ ഒരുക്കണമെങ്കിൽ ജയിൽ നിയമങ്ങളെ പൂർണമായും മാറ്റിയെഴുതേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സർക്കാരിനെ നടത്തുകയെന്നത് കേവലം ഫയലുകളിൽ ഒപ്പിടുക എന്ന് മാത്രമല്ല, ജയിലിനുള്ളിൽ പ്രായോഗികമായി ചെയ്യാൻ കഴിയാത്ത നിരവധി ജോലികൾ അതിൽ ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ സാഹചര്യമാണത്. മുഖ്യമന്ത്രിക്കൊപ്പം ഒരു പേഴ്സണൽ സ്റ്റാഫ് ഉണ്ടായിരിക്കണം. നിലവിൽ 16 ജയിലുകളാണുള്ളത്, അവയിലൊന്നിൽ പോലും മുഖ്യമന്ത്രിയുടെ ജോലി നിർവഹിക്കാൻ സൗകര്യമുള്ള ജയിലുകളില്ല. മുഖ്യമന്ത്രി-സൗഹൃദമായ ജയിലുകൾ ആകണമെങ്കിൽ എല്ലാ നിയമങ്ങളും പൊളിച്ചെഴുതേണ്ടി വരും. ഇത്രയും നിയമങ്ങൾ ലംഘിക്കപ്പെടുക പ്രാവർത്തികമല്ല. സർക്കാർ ഭരിക്കുക എന്നതിനർത്ഥം ഫയലുകളിൽ ഒപ്പിടുക എന്ന് മാത്രമല്ല. ഭരണനിർവഹണത്തിന്റെ ഭാഗമായി കാബിനറ്റ് മീറ്റിംഗുകൾ വിളിക്കേണ്ടി വരും, കൂടിയാലോചനകൾ നടത്തേണ്ടി വരും. ലെഫ്. ഗവർണറുമായി കൂടിക്കാഴ്ച നടത്തണം, ടെലിഫോൺ സംഭാഷണങ്ങൾ വേണ്ടി വരും. ജയിലിൽ ടെലിഫോൺ സൗകര്യം നിലവിൽ ഇല്ല. ജയിലിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി ഭരിക്കുക സാധ്യമല്ലെന്ന് ചുരുക്കം. – തിഹാർ ജയിൽ മുൻ പിആർഒ പറഞ്ഞു.
അതേസമയം തന്റെ വീടോ ഓഫീസോ ജയിലായി പ്രഖ്യാപിക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് അധികാരമുണ്ടെന്നും അപ്രകാരം ചെയ്താൽ ഫയലുകളിൽ ഒപ്പിടുന്നത് ഉൾപ്പടെയുള്ള ജോലികൾ ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഫീസിനെ ജയിലാക്കിയാൽ അവിടെ സൂപ്രണ്ടും ജീവനക്കാരും ഉണ്ടായിരിക്കണം. എന്നാൽ മറ്റൊരു വെല്ലുവിളിയുണ്ട്. ജയിലിൽ കഴിയുന്ന തടവുകാർക്ക് അവരുടെ വീട്ടുകാരോട് എല്ലാ ദിവസവും 5 മിനിറ്റ് സംസാരിക്കാം, അതെല്ലാം റെക്കോർഡും ചെയ്യും. എന്നാൽ വീട്ടിൽ ഇത് പ്രായോഗികമല്ല” – സുശീൽ കുമാർ ഗുപ്ത പറഞ്ഞു.