മുംബൈ:അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ പൗരന്മാരെ തടങ്കലിൽ പാർപ്പിക്കാനായി ദാദറിലെ ഭോയ്വാഡ ഭാഗത്ത് തടങ്കൽ കേന്ദ്രം വരുന്നു. കുടിയേറ്റക്കാരെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കുന്നതുവരെ ഇവിടെ താമസിപ്പിക്കും.
തടങ്കൽ കേന്ദ്രത്തിനുള്ള നിർദ്ദേശം മഹാരാഷ്ട്ര സർക്കാരിന് അയക്കുകയും വൈകാതെ അത് അംഗീകരിക്കുകയും ചെയ്തെന്ന് മുംബൈ പൊലീസ് പറഞ്ഞു. ഡിറ്റൻഷൻ സെന്റർ കെട്ടിടത്തിന്റെ നിർമാണച്ചുമതല പൊതുമരാമത്ത് വകുപ്പിന് (പിഡബ്ല്യുഡി) കൈമാറി. ദാദർ ഈസ്റ്റിലെ ഭോയ്വാഡ കോടതിക്ക് സമീപമുള്ള ഭൂമിയാണ് 5 കോടി രൂപയ്ക്ക് ക്വട്ടേഷൻ നൽകി അന്തിമമാക്കിയത്.
”ഇപ്പോൾ, അനധികൃത കുടിയേറ്റക്കാരെ തീവ്രവാദ വിരുദ്ധ സെല്ലിന്റെ പൊലീസ് സ്റ്റേഷനുകളിലാണ് സൂക്ഷിക്കുന്നത്. അവർ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുമോ എന്ന ഭയം കാരണമാണ് പുതിയ തടങ്കൽ നിർമ്മിക്കുന്നതെന്നും ഇത് ഒരു വെല്ലുവിളിയാണെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിൽ കാലാചൗക്കി പോലീസ് സ്റ്റേഷന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഒരു ബംഗ്ലാദേശി പൗരൻ രക്ഷപ്പെട്ടിരുന്നു. ഇയാളെ ഒരാഴ്ചയോളം കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലായി. ”ഉദ്യോഗസ്ഥർക്ക് നിരവധി ചുമതലകളുണ്ട്, അനധികൃത കുടിയേറ്റക്കാരുടെ ഉത്തരവാദിത്വം കൂടി അവർക്ക് നൽകുന്നത് വലിയ ഭാരമാണ്. അതിനാൽ, തടങ്കൽ കേന്ദ്രം അവരുടെ ഭാരം ചെറുതായി കുറയ്ക്കും, കൂടാതെ കുടിയേറ്റക്കാർക്ക് പൊലീസ് കസ്റ്റഡിയിൽ നിന്ന് വ്യത്യസ്തമായി മെച്ചപ്പെട്ട അന്തരീക്ഷത്തിൽ സമാധാനപരമായി ജീവിക്കാനും കഴിയും.” ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
2023-ൽ 367-ലധികം പേരാണ് മുംബൈ പോലീസിന്റെ പിടിയിലായത്. ഇതിൽ ഭൂരിഭാഗവും പാകിസ്താനികളും ബംഗ്ലാദേശി പൗരന്മാരുമാണ്. ഇവരിൽ പലരെയും സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയച്ചു. 2024-ൽ, മാർച്ച് 25 വരെ, 39 പേരെ അവരവരുടെ രാജ്യങ്ങളിലേക്ക് അയച്ചു. ഇതുപോലുള്ള സന്ദർഭങ്ങളിൽ, മുംബൈ പോലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് – 1, ലോക്കൽ പോലീസ് സ്റ്റേഷന്റെ ATC എന്നിവയ്ക്കൊപ്പം, SOP പാലിക്കുന്നതിനും നാടുകടത്തൽ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുന്നു.
ഭൂരിഭാഗം പേരും അനധികൃതമായി പ്രവേശിക്കുന്നതിന്റെ പ്രധാന കാരണം അവരുടെ കുടുംബത്തെ പരിപാലിക്കാൻ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടെ വന്ന് ജോലിയോ ബിസിനസ്സോ ചെയ്ത് അവർ പണം അവരുടെ കുടുംബത്തിലേക്ക് അയയ്ക്കുന്നു. കാലക്രമേണ, അവർ ഇന്ത്യക്കാരെ പോലെയാവുന്നു. അവർ നമ്മളെപ്പോലെ സംസാരിക്കും. അവരെ പിന്നീട് ഇന്ത്യൻ പൗരന്മാരിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയില്ല. പക്ഷേ ഇന്റലിജൻസ് ഏജൻസികൾക്ക് പ്രത്യേക നടപടിക്രമങ്ങളുണ്ട്. അതുകൊണ്ടാണ് അവർ പിടിയിലാവുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
തടങ്കൽ കേന്ദ്രങ്ങൾ ജയിലുകളിൽ നിന്ന് വ്യത്യസ്തമാണെന്നും അതിനാൽ ജയിൽ ജീവനക്കാരെ ഇവിടെ വിന്യസിക്കില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഈ കേന്ദ്രങ്ങൾ അനധികൃത കുടിയേറ്റക്കാർക്കോ വിസ പരിധി കഴിഞ്ഞ വിദേശ പൗരന്മാർക്കോ മാത്രമുള്ളതാണ്. നാടുകടത്തൽ നടപടികൾ പൂർത്തിയാകുന്നത് വരെ അവരെ കസ്റ്റഡിയിൽ വെക്കുമെന്നും പൊലീസ് വ്യക്തമാക്കി.