ഹൈദരാബാദ്: തന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ തുറന്നു പറഞ്ഞ് നടനും ജനസേന നേതാവുമായ പവൻ കല്യാൺ. കഴിഞ്ഞ ദിവസം പാർട്ടി പ്രവർത്തകരുമായി നടത്തിയ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്. അടുത്തിടെ നടന്ന ഒരു യോഗത്തിനിടെ തന്നെ ബ്ലേഡുകൾ ഉപയോഗിച്ച് ചില വ്യക്തികൾ ആക്രമിച്ചതായി അദ്ദേഹം പറഞ്ഞു.
‘ പൊതു പരിപാടികളിൽ എന്നെ കാണാൻ നിരവധി പേർ എത്താറുണ്ട്. ആളുകളുമായി സംവദിക്കുന്നതിനിടെ ബ്ലേഡുമായി ചിലർ ജനക്കൂട്ടത്തിലേക്ക് നുഴഞ്ഞ് കയറുകയും എന്നെയും എന്റെ സുരക്ഷാ സംഘത്തെയും അക്രമിക്കുകയും ചെയ്തു. ഇവർ എതിർ പാർട്ടികളിലെ പ്രവർത്തകരാണോ എന്ന് ഞാൻ സംശയിക്കുന്നു.’ സംഭവത്തെ തുടർന്ന് തന്റെ പാർട്ടി നേതാക്കളോടും സുരക്ഷാ ഉദ്യോഗസ്ഥരോടും സുരക്ഷിതരായിരിക്കണം എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പവൻ കല്യാൺ.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പിതപുരം മണ്ഡലത്തിൽ നിന്നാണ് പവൻ കല്യാൺ തമത്സരിക്കുന്നത്. ‘പിതപുരം മണ്ഡലത്തിലെ ജനങ്ങളും എന്റെ ഇഷ്ട ദേവതകളും എന്നെ അനുഗ്രഹിച്ച് തെരഞ്ഞെടുക്കുകയാണെങ്കിൽ ഇവിടുത്തെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഞാനുണ്ടാകും’. ഒപ്പം കൂടുതൽ യുവാക്കളുടെ പിന്തുണ തനിക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വൈഎസ്ആർസിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഒരു ഫാൻ പോലെയാണ് വൈഎസ്ആർസി, ശബ്ദമുണ്ടാകും പക്ഷേ കാറ്റ് ഉണ്ടാകില്ല. പവൻ കല്യാൺ ഇതിനോടകം പ്രചാരണ പരിപാടികൾ ആരംഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പകർച്ച പനി ബാധിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചരണം താൽകാലികമായി നിർത്തി വച്ച് അദ്ദേഹം ഹൈദരാബാദിലേക്ക് പോയി.