വാങ്കഡെയിൽ സ്വന്തം കാണികൾക്ക് മുന്നിലും തോൽവി വഴങ്ങിയതിന് പിന്നാലെ കുറ്റസമ്മതം നടത്തി മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ. തന്റെ വിക്കറ്റ് നഷ്ടമായതാണ് രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്ന് പാണ്ഡ്യ പറഞ്ഞു.
ഞങ്ങൾ ആഗ്രഹിച്ചത് പോലുള്ള ഒരു രാത്രിയല്ല ഇത്. തിരിച്ചടികളിൽ പതറാതെ ശക്തമായ രീതിയിൽ തിരിച്ചു വരാൻ കഴിയുന്ന ടീമാണ് മുംബൈ ഇന്ത്യൻസിന്റേത്. പക്ഷേ അതിനായി ഞങ്ങൾ കുറച്ചുകൂടി അച്ചടക്കവും ധൈര്യവും കാണിക്കണം. ആഗ്രഹിച്ച തുടക്കമല്ലായിരുന്നു ഞങ്ങൾക്ക് ലഭിച്ചത്. തോൽവിയും വിജയവും മത്സരത്തിന്റെ ഭാഗമാണ്. അതൊന്നും എന്നെ അത്ഭുതപ്പെടുത്തുന്നില്ല. ഒരു ടീമെന്ന നിലയിൽ മികച്ച പ്രകടനം സീസണിൽ ഞങ്ങൾക്ക് കാഴ്ചവയ്‌ക്കാനാവും. പക്ഷേ അതിനായി കുറച്ചുകൂടി ധൈര്യവും അച്ചടക്കവും കാട്ടണമെന്നാണ് എനിക്ക് പറയാനുള്ളത്.- ഹാർദിക് പറഞ്ഞു.
തുടർച്ചയായ മൂന്നാം മത്സരത്തിലാണ് മുംബൈ ഇന്നലെ പരാജയപ്പെട്ടത്. മുംബൈ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം 15.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടക്കുകയായിരുന്നു. 34 റൺസെടുത്ത ഹാർദിക്ക് പാണ്ഡ്യ, 32 റൺസെടുത്ത തിലക് വർമ്മ എന്നിവർക്ക് മാത്രമാണ് മുംബൈ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്‌ക്കാനായത്.