ഐപിഎൽ 2024 സീസണിലെ മികച്ച നായകനാരെന്ന ചോദ്യത്തിന് ക്രിക്കറ്റ് ആരാധകരുടെ ഉത്തരം സഞ്ജു എന്നാണ്. ക്യാപ്റ്റൻസി റോളിലെ സഞ്ജുവിന്റെ നേതൃ മികവാണ് ടീമിന് അപരാജിത ജയം സമ്മാനിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി തലപ്പത്താണ് രാജസ്ഥാൻ റോയൽസ്. ബാറ്റിംഗിന് അനുകൂലമായ വാങ്കഡെയിലെ പിച്ചിൽ ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനം ആരാധകർ അമ്പരപ്പോടെയാണ് കേട്ടത്. എന്നാൽ ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് രാജസ്ഥാൻ നായകൻ.
”ടോസ് മത്സരത്തിലെ നിർണായക ഘടകമാണെന്ന് എനിക്ക് മനസിലായി. തുടക്കത്തിൽ ബാറ്റർമാർക്ക് അനുകൂലമല്ലായിരുന്നു പിച്ചിന്റെ ഗതി. ട്രെന്റ് ബോൾട്ടിനെയും നാന്ദ്രെ ബർഗറിനെയും പോലുള്ള മികച്ച ബൗളർമാർ രാജസ്ഥാൻ നിരയിലുണ്ട്. അവരുടെ അനുഭവ പരിചയമാണ് ഞങ്ങളെ സഹായിച്ചത്. 20 റൺസിനിടെ നാല് വിക്കറ്റുകൾ വീഴുമെന്ന് താൻ പോലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ബൗളർമാർ നന്നായി ചെയ്യുമെന്ന് അറിയാമായിരുന്നു.
ഞങ്ങളുടെ ടീമിൽ വലിയ താരങ്ങളുണ്ടെന്നറിയാം. എന്നാൽ എല്ലാവർക്കും അവസരം കൊടുക്കുകയും അവരുടെ പങ്ക് തിരിച്ചറിയുകയും അതുമായി മുന്നോട്ട് പോകുകയും ചെയ്യുമ്പോഴാണ് ഞങ്ങൾ വ്യത്യസ്തരാകുന്നത്. പവർപ്ലേയിലെ മികച്ച തുടക്കം മുതലാക്കണമെന്ന് അശ്വിനും ചഹലും ആഗ്രഹിച്ചു. വിക്കറ്റുകൾ വീഴ്‌ത്താൻ അവർ മികച്ച പ്രകടനം കാഴ്ചവച്ചെന്നും” സഞ്ജു വ്യക്തമാക്കി.