ന്യൂഡൽഹി : എസ് ഡി പി ഐ പിന്തുണയോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന കോൺഗ്രസിനെതിരെ ശക്തമായ വിമർശനവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ . വർഗീയ ശക്തികളുടെ പിന്തുണയോടെ കോൺഗ്രസ് ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളെ പിന്തുണയ്‌ക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു .കർണാടകയിലെ രാമനഗരയിൽ റോഡ് ഷോയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം .
‘ എസ്ഡിപിഐ കോൺഗ്രസിനെ പിന്തുണയ്‌ക്കുന്നത് കണ്ട് ഞെട്ടിയില്ല. വർഗീയ ശക്തികളുടെ പിന്തുണയോടെ, വർഷങ്ങളായി കോൺഗ്രസ് ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളെ പിന്തുണയ്‌ക്കുന്നു. എസ്ഡിപിഐ യിൽ നിന്നുള്ള പിന്തുണ അർത്ഥമാക്കുന്നത് കോൺഗ്രസ് ഇന്ത്യയുടെ പരമാധികാരത്തിൽ വിശ്വസിക്കുന്നില്ല എന്നാണ്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് യുഎപിഎ പ്രകാരം എസ്ഡിപിഐയെ നിരോധിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു . ഇന്ന് ഒരു വശത്ത് ബംഗളൂരുവിൽ സ്ഫോടനങ്ങൾ നടക്കുന്നു, മറുവശത്ത്, എസ്ഡിപിഐ കോൺഗ്രസിനെ പിന്തുണച്ചുവെന്ന വാർത്തയാണ് എനിക്ക് ലഭിച്ചത്. ഇത് ശരിയാണെങ്കിൽ കർണാടകയിലെ ജനങ്ങൾക്ക് കോൺഗ്രസ് സർക്കാരിന് കീഴിൽ സുരക്ഷിതമായി തുടരാനാകുമോ?“ അമിത് ഷാ ചോദിച്ചു.
നിരോധിത സംഘടനയായ പിഎഫ്ഐയുടെ രാഷ്‌ട്രീയ വിഭാഗമാണ് എസ്ഡിപിഐ. നിരോധിത ഭീകര സംഘടനകളിലെ അംഗങ്ങൾ അവരുടെ ഗ്രൂപ്പുകളുടെ പേരുമാറ്റിയോ മറ്റ് സംഘടനകളിൽ ചേർന്നോ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് സുരക്ഷാ വിദഗ്ധർ ആവർത്തിച്ച് ചൂണ്ടിക്കാണിക്കുന്നു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിനെ പിന്തുണയ്‌ക്കുമെന്ന് എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ലെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 18 സ്ഥാനാർത്ഥികളുണ്ടെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
വൻ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടും എസ്ഡിപിഐയുടെ പിന്തുണ നിരസിക്കാൻ കോൺഗ്രസ് തയ്യാറായില്ല.