ഐപിഎല്ലിൽ തുടർച്ചയായ പരാജയങ്ങളിൽ വലയുന്ന മുംബൈ ഇന്ത്യൻസിന് സന്തോഷ വാർത്ത. സൂര്യകുമാർ യാദവ് കളിക്കളത്തിലേക്ക് ഉടൻ തിരിച്ചെത്തുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌പോർട്‌സ് ഹെർണിയയെ തുടർന്ന് വിശ്രമത്തിലായിരുന്ന സൂര്യകുമാർ ഫിറ്റ്‌നസ് പൂർണ്ണമായും വീണ്ടെടുത്തതായി ദേശീയ ക്രിക്കറ്റ് അക്കാദമി അറിയിച്ചു. ഞായറാഴ്ച വാങ്കഡെയിൽ ഡൽഹിക്കെതിരായി നടക്കുന്ന മത്സരത്തിൽ സൂര്യകുമാർ കളിച്ചേക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
”സൂര്യകുമാർ യാദവ് തന്റെ ഫിറ്റ്‌നസ് പൂർണമായും വീണ്ടെടുത്തിട്ടുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഇതിനോടകം തന്നെ അവൻ കുറച്ച് പരിശീലന മത്സരങ്ങൾ കളിക്കുകയുണ്ടായി. മത്സരങ്ങളിൽ വളരെ മികച്ച പ്രകടനമാണ് സൂര്യ കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം സൂര്യയ്‌ക്ക് ഇപ്പോൾ ചേരാൻ സാധിക്കും. സൂര്യ മുംബൈ ഇന്ത്യൻസ് ടീമിലേക്ക് തിരിച്ചെത്തുന്ന സമയത്ത് അവൻ 100% ഫിറ്റ്‌നസ് വീണ്ടെടുക്കണമെന്നും, എല്ലാ മത്സരങ്ങളും കളിക്കാൻ തയ്യാറായിരിക്കണമെന്നും ഞങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നു. ഐപിഎല്ലിന് മുൻപ് നടത്തിയ ഫിറ്റ്‌നസ് ടെസ്റ്റിൽ 100% മികവ് പുലർത്താൻ സൂര്യയ്‌ക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് ബാറ്റ് ചെയ്യുന്ന സമയത്ത് സൂര്യയ്‌ക്ക് ഏതെങ്കിലും തരത്തിൽ വേദനയുണ്ടോ എന്നറിയാനായി ഇത്രനാളും കാത്തിരിക്കേണ്ടി വന്നത്.”- ബിസിസിഐയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.
എൻസിഎയിൽ നിന്ന് ആർടിപി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടിയുള്ള പതിവ് ടെസ്റ്റുകൾ ഒഴികെ ബാക്കിയെല്ലാം സൂര്യ പാസായി. വ്യാഴാഴ്ച ഒരു ടെസ്റ്റ് കൂടി നടത്താനുണ്ട്. അതിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഡിസംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടി20 പരമ്പരയിലാണ് സൂര്യകുമാറിന് പരിക്കേറ്റത്. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ പരിശോധനകൾക്ക് ശേഷമാണ് സൂര്യ ജർമ്മനിയിലേക്ക് പോയത്. ഹെർണിയയെ തുടർന്ന് മ്യൂണിച്ചിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.