തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നു. സർവകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം. 107.76 ദശലക്ഷം യൂണിറ്റാണ് ഇന്നലെ മാത്രം ഉപയോഗിച്ചത്.
കെഎസ്ഇബിയുടെ സർവകാല റെക്കോർഡിൽ ഏറ്റവും ഉയർന്ന യൂണിറ്റ് ഉപഭോഗമാണിത്. പീക് സമയ ആവശ്യകതയും സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചയായി നൂറ് ദശലക്ഷം യൂണിറ്റിന് മുകളിലാണ് ഉപഭോഗം. വോൾട്ടേജ് കുറയുന്നുവെന്ന പരാതിയും വ്യാപകമായി ഉയരുകയാണ്. ഇന്നലെ വൈകിട്ട് ആറ് മുതൽ 11 വരെ 5,359 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്തെ ഉപഭോഗം. വൈദ്യുതി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ അമിത വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നിർബന്ധിതരാക്കുന്നു.
300 മുതൽ 600 മെഗാവാട്ട് വരെയാണ് ഇത്തരത്തിൽ പവർ എക്സ്ചേഞ്ചിൽ നിന്നും കെഎസ്ഇബി വാങ്ങുന്നത്. ഇക്കാരണത്താൽ തന്നെ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളെ അറിയിച്ചു.