ചിന്തിക്കാൻ സാധിക്കുന്നതിനാലാണ് മനുഷ്യൻ മറ്റുള്ള ജന്തുക്കളിൽ നിന്ന് വ്യത്യസ്തമാകുന്നത്. കരയാനും ചിരിക്കാനും ചിന്തിക്കാനും ബുദ്ധിപൂർവ്വം തീരുമാനങ്ങളെടുക്കാനും അവന് സാധിക്കുന്നു.
എന്നാൽ സസ്യങ്ങളും ശബ്ദമുണ്ടാക്കുന്നുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. തെളിവ് സഹിതമാണ് ശാസ്ത്രജ്ഞർ ഈ അവകാശവാദം ഉന്നയിക്കുന്നത്. വിളവെടുപ്പ് സമയത്ത് സസ്യങ്ങൾ നിലവിളിക്കുന്ന ശബ്ദമാണ് ശാസ്ത്രജ്ഞർ പിടിച്ചെടുത്തത്.
മനുഷ്യർ ശബ്ദം ഉണ്ടാക്കുന്നത് പോലെയല്ല ഇവ ശബ്ദം ഉണ്ടാക്കുന്നത്. മനുഷ്യന്റെ കേൾവിയുടെ പരിധിക്ക് പുറത്തുള്ള അൾട്രാസേണിക് ആവൃത്തിയിലാണ് ഇവ മുഴങ്ങുന്നത്. ക്ലിക്ക് ചെയ്യുന്നതിന് സമാനമായ ശബ്ദമാണ് സസ്യങ്ങൾ ഉണ്ടാക്കുന്നത്. സസ്യങ്ങൾ സമ്മർദ്ദത്തിലാകുമ്പോൾ ശബ്ദം വർദ്ധിക്കുന്നു. ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് രസകരവും ഞെട്ടിക്കുന്നതുമായി വിവരങ്ങൾ പുറത്തുവന്നത്.
തക്കാളി, പുകയില തുടങ്ങിയ ചെടികളിലാണ് ശാസ്ത്രജ്ഞർ പരീക്ഷണം നടത്തിയത്. ആരോഗ്യകരമായ അവസ്ഥയിലും അല്ലാത്ത അവസ്ഥയിലും ഇവയുടെ മാറ്റങ്ങളെ ശാസ്ത്രജ്ഞർ രേഖപ്പെടുത്തി. ഇടയ്‌ക്ക് മുറിവ് സംഭവിച്ച സസ്യങ്ങൾ, നിർജ്ജലീകരണം ചെയ്തവ, കേടുപാടുകൾ സംഭവിച്ച സസ്യങ്ങളും ഇവയിൽ ഉൾപ്പെടുന്നു. വിവിധ സാഹചര്യത്തിലുള്ള സസ്യങ്ങളുടെ ശബ്ദങ്ങൾ തമ്മിൽ തിരിച്ചറിയനായി ശാസ്ത്രജ്ഞർ മെഷീൻ ലേണിംഗ് അൽഗോരിതം ഉപയോഗിച്ചു. തുടർന്നാണ് തരംഗങ്ങളെ അടയാളപ്പെടുത്തിയത്. സസ്യങ്ങൾ എങ്ങനെ ശബ്ദമുണ്ടാക്കുന്നുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
മനുഷ്യന് കേൾക്കാൻ സാധിക്കാത്ത ശബ്ദങ്ങളാണ് സസ്യങ്ങൾ പുറപ്പെടുവിക്കുന്നത്. വിവര കൈമാറ്റമാണ് ഇതിലൂടെ നടത്തുന്നതെന്നാണ് പഠനത്തിൽ പറയുന്നത്. ഈ ശബ്ദങ്ങൾ കേൾക്കാൻ കഴിയുന്ന ജീവികളുണ്ട്. അതിനാൽ തന്നെ ശബ്ദ സംവേദനങ്ങൾ ഉണ്ടാനുള്ള സാധ്യതയുണ്ടെന്ന് ലിലാച്ച് ഹദാനി സർവകലാശാലയിലെ ജീവശാസ്ത്രജ്ഞൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് പുതിയ കണ്ടെത്തൽ.