കൊൽക്കത്ത: സ്ത്രീകൾക്കെതിരായ അതിക്രമ പരാതികൾ അവഗണിക്കുന്ന തൃണമൂൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി ആരോപണങ്ങളിന്മേൽ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും ജനങ്ങൾ ഇത് തിരിച്ചറിഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ സർക്കാർ കനത്ത മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്ദേശ്ഖാലിയിലുള്ള സാധാരണക്കാരായ സ്ത്രീകളെയാണ് ഈ സർക്കാർ പരാജയപ്പെടുത്തിയത്. കുറ്റവാളികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചു. അവർ ഏത് രീതിയിലാണ് പീഡനം നടത്തിയവരെ സംരക്ഷിക്കാൻ മുഴുവൻ ഭരണകൂടം സംവിധാനങ്ങളും ഉപയോഗിച്ച് ശ്രമിച്ചതെന്ന് ഈ രാജ്യം മുഴുവൻ കണ്ടുകഴിഞ്ഞു. എന്നാൽ അവർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞയെടുത്തു. കുറ്റവാളികൾ അവരുടെ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കുമെന്ന് ഉറപ്പ് നൽകുകയാണ്.
അഴിമതിയെന്നാൽ തൃണമൂൽ സർക്കാർ എന്നായി മാറിയിരിക്കുകയാണ്. റേഷൻ, അദ്ധ്യാപക നിയമന അഴിമതികളിൽ ഉൾപ്പെട്ടവരെ രക്ഷിക്കാനാണ് തൃണമൂൽ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. നിങ്ങളുടെ പണമാണ് അവർ കൊള്ളയടിക്കാൻ ശ്രമിച്ചത്. ഇതിനെതിരെ അന്വേഷണം വരുമ്പോഴും അത് തടയാനാണ് ഇവർ ശ്രമിക്കുന്നത്. എന്നാൽ ഇത് അനുവദിക്കില്ല. അഴിമതിക്കാരെ ഒരു രീതിയിലും വച്ച് പൊറുപ്പിക്കില്ല. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ കൂടുതൽ ശക്തമായ അന്വേഷണങ്ങൾ നിങ്ങൾ കാണും.
കേന്ദ്രം ആരംഭിച്ച വികസന പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കാൻ പോലും ഇക്കൂട്ടർ അനുവദിക്കുന്നില്ല. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിലും വ്യാജ പ്രചാരണങ്ങളാണ് ബിജെപിയുടെ എതിരാളികൾ നടത്തുന്നത്. എന്നാൽ ഭാരത മാതാവിൽ വിശ്വസിക്കുന്നവർക്ക് പൗരത്വം ഉറപ്പ് നൽകുകയാണ്. പാർശ്വവത്കരിക്കപ്പെട്ടവരെ പരിഗണിക്കാൻ കോൺഗ്രസുകാർ ഒരിക്കലും തയ്യാറായിരുന്നില്ല. അവരെ സഹായിക്കാൻ സിഎഎ നടപ്പാക്കിയപ്പോഴാണ് നുണ പ്രചരണങ്ങളുമായി പലരും രംഗത്തെത്തിയത്.
വികസനം എന്ന ലക്ഷ്യത്തിലൂന്നി മാത്രമാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ 10 വർഷമായി ഇന്ത്യ കണ്ട വികസനം വെറും ട്രെയിലർ മാത്രമാണ്. വികസനം നടപ്പിലാക്കുന്നതിന് പുറമെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളും പാലിച്ചു. ആർട്ടിക്കിൾ 370ൽ നിന്ന് ജമ്മു കശ്മീരിനെ മോചിപ്പിച്ചു. വനിതാ സംവരണ ബിൽ കൊണ്ടു വന്നു. 500 വർഷങ്ങൾക്ക് ശേഷം അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചു. കാരണം മോദിയുടെ ഗ്യാരന്റികൾ എല്ലാം നടപ്പിലാക്കിയിരിക്കുമെന്നും” പ്രധാനമന്ത്രി പറയുന്നു.















