തിരുവനന്തപുരം: അരുണാചലിൽ ദുരൂഹ സാഹചര്യത്തിൽ മൂന്ന് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂവരും അന്ധവിശ്വാസത്തെ പിന്തുടർന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചു. നവീന്റെ കാറിൽ നിന്ന് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും അന്വേഷണസംഘം കണ്ടെത്തി.
നേരത്തെ വീണ്ടെടുത്ത ഇ-മെയിൽ സന്ദേശത്തിൽ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണ് ഇതെന്നാണ് നിഗമനം. ‘ഡോൺബോസ്കോ’ എന്ന വിലാസത്തിൽ നിന്ന് ആര്യക്ക് വന്ന സന്ദേശങ്ങളിൽ കല്ലിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. പണത്തിനായി ആര്യയുടെ ആഭരണങ്ങൾ വിറ്റെന്നും സംശയമുണ്ട്. മൃതദേഹത്തിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഏപ്രിൽ രണ്ടിനാണ് കോട്ടയം മീനടം സ്വദേശിയായ നവീൻ തോമസിനെയും ഭാര്യ ദേവിയെയും ഇവരുടെ സുഹൃത്ത് ആര്യയെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെടുക്കുമ്പോൾ മൂവരുടെയും കൈത്തണ്ട മുറിച്ചനിലയിലായിരുന്നു.
ശരീരത്തിൽ മുറിവുണ്ടാക്കാൻ ഉപയോഗിച്ച മൂന്ന് സ്റ്റെയിൻലെസ് സ്റ്റീൽ റേസർ ബ്ലേഡുകളും കണ്ടെടുത്തിട്ടുണ്ട്. വെവ്വേറെ ബ്ലേഡുകൾ ഉപയോഗിച്ചാണ് മുറിവ് ഉണ്ടാക്കിയിരിക്കുന്നത്. ദേവിയും ആര്യയും കറുത്ത കല്ല് പതിച്ച വളകൾ ധരിച്ചിരുന്നു. ഇവയൊക്കെ അന്ധവിശ്വാസത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.