ന്യൂഡൽഹി: അരുണാചൽ പ്രദേശ് എപ്പോഴും ഭാരതത്തിന്റെ ഭാഗം തന്നെ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യ സൂര്യ രശ്മികൾ പതിക്കുന്ന നാട്ടിലേക്ക് കേന്ദ്രസർക്കാരിന്റെ വികസനങ്ങളും വേഗത്തിലാണ് എത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസം ട്രിബ്യൂണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോദി.
സൂര്യന്റെ ആദ്യരശ്മികൾ പതിക്കുന്നതുപോലെ, അരുണാചൽ പ്രദേശിലേക്ക് കേന്ദ്ര സർക്കാരിന്റെ വികസനങ്ങളും വേഗത്തിൽ എത്തുന്നുണ്ട്. ചൈന അരുണാചൽ പ്രദേശ് തങ്ങളുടേതാണെന്ന് വാദിക്കുന്നുണ്ട്. പക്ഷെ,അരുണാചൽ പ്രദേശ് എപ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കഴിഞ്ഞ മാസം ഇറ്റാനഗറിൽ വികസിത ഭാരത് പരിപാടിയിൽ പങ്കെടുത്തിരുന്നു. അന്ന് 55,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്തെന്നും പ്രധാനമന്ത്രി അഭിമുഖത്തിൽ പറഞ്ഞു.
അരുണാചൽ പ്രദേശിലെ ഏകദേശം 35,000 കുടുംബങ്ങൾക്ക് വീടുകൾ നൽകി. 45,000 കുടുംബങ്ങൾ കുടിവെള്ള വിതരണ പദ്ധതിയിലും അംഗമായി. 2022-ൽ, ബിജെപി സർക്കാർ അരുണാചൽ പ്രദേശിലെ ജനങ്ങൾക്ക് മികച്ച വ്യോമ ഗതാഗതം ലഭിക്കുന്നതിനായി ഡോണി പോളോ വിമാനത്താവളം യാഥാർത്ഥ്യമാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഏകദേശം 125 ഗ്രാമങ്ങളിൽ പുതിയ റോഡ് പദ്ധതികൾ, 150 ഗ്രാമങ്ങളിൽ ടൂറിസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളും ആരംഭിച്ചു. അരുണാചൽ പ്രദേശിലെ വടക്കുകിഴക്കൻ മേഖലയിൽ 10,000 കോടി രൂപയുടെ UNNATI (Uttar Poorva Transformative Industrialization Scheme) പദ്ധതിയും സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
മ്യാൻമറിലെ ആഭ്യന്തര വികസന പ്രശ്നങ്ങൾ കാരണമാണ് അവിടുത്തെ ജനങ്ങൾ മിസോറാമിലേക്ക് കുടിയേറുന്നത്. ഇത് ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ മ്യാൻമർ അധികൃതരോട് സൂചിപ്പിച്ചിട്ടുണ്ട്. മിസോറാമിലേക്കുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനും നമ്മുടെ അതിർത്തികൾ സുരക്ഷിതമാക്കുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.