തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ വിമർശിച്ചതിന് അറസ്റ്റിലായ യുട്യൂബറുടെ ജാമ്യം റദ്ദാക്കണമെന്ന തമിഴ് സർക്കാരിന്റെ ആവശ്യം തള്ളി സുപ്രീംകോടതി. സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹർജി തള്ളിയത്. യുട്യൂബറും നാം തമിഴർ കക്ഷി പാർട്ടി അംഗവുമായ സാട്ടൈ ദുരൈ മുരുകനാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പിന് മുൻപ് യുട്യൂബിൽ ആരോപണം ഉന്നയിക്കുന്നവരെ തടവിലിടാൻ തുടങ്ങിയാൽ, എത്രപേരെ ജയിലിൽ ഇടേണ്ടിവരുമെന്ന് സങ്കൽപ്പിച്ചു നോക്കൂയെന്ന് പറഞ്ഞ കോടതി. യുട്യൂബറെ നിയന്ത്രിക്കാൻ നിബന്ധനകൾ വയ്‌ക്കണമെന്ന ആവശ്യവും തള്ളി. പ്രതിഷേധിച്ചതുകൊണ്ടും അഭിപ്രായം പറഞ്ഞതുകൊണ്ടും മുരുകൻ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
2021 ഒക്ടോബറിൽ എംകെ സ്റ്റാലിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. പൊതു സമ്മേളനത്തിൽ സ്റ്റാലിനെ രാവണനുമായി ഉപമിച്ചെന്നാണ് ആരോപണം. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പൊതുസമ്മേളനം നടത്തിയെന്ന് കാട്ടിയാണ് മുരുകനെ അറസ്റ്റ് ചെയ്തത്.
2021ൽ ജാമ്യം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള മുരുകന്റെ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.2022 ജൂലൈയിൽ, സുപ്രീം കോടതി മുരുകന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തമിഴ്‌നാട് സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് ഹാജരായത്. ജസ്റ്റിസുമാരായ അഭയ് എസ്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.