ന്യൂഡൽഹി: അരുണാചൽപ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ടുള്ള ചൈനയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ചൈനയിലെ ഏതെങ്കിലും സ്ഥലത്തിന്റെ പേര് ഇന്ത്യ മാറ്റിയാൽ അതിന്റെ ഉടമസ്ഥാവകാശം ഇന്ത്യയ്ക്കാകുമോ എന്നായിരുന്നു വിഷയത്തിൽ രാജ്നാഥ് സിംഗിന്റെ വിമർശനം.
അരുണാചലിൽ നാംസായിയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ സ്ഥലങ്ങളുടെ പേര് മാറ്റാൻ ചൈന ശ്രമിക്കുന്നു. അങ്ങനെ ആണെങ്കിൽ എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. ഞങ്ങൾ ചൈനയിലെ ചില സംസ്ഥാനങ്ങളുടെ പേര് മാറ്റുന്നു, അതിനർത്ഥം ആ പ്രദേശങ്ങൾ ഇന്ത്യയുടെ ഭാഗമായി എന്നാണോ? ഇത്തരം പ്രവർത്തനങ്ങൾ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാക്കുന്നതിന് മാത്രമേ ഉപകരിക്കൂ.
അരുണാചൽ പ്രദേശിൽ നിയന്ത്രണരേഖയോട് ചേർന്നുള്ള 30 സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ടുള്ള പട്ടിക കഴിഞ്ഞ ആഴ്ച ചൈന പുറത്ത് വിട്ടിരുന്നു. അരുണാചലിന് മേൽ അവകാശവാദം ഉന്നയിക്കാനുള്ള ശ്രമങ്ങൾ ചൈന നേരത്തെയും നടത്തിയിരുന്നു. എന്നാൽ 30 സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ടുള്ള പ്രഖ്യാപനം ഒരിക്കലും യാഥാർത്ഥ്യത്തെ മായ്ച്ചുകളയുന്നതല്ലെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാണിച്ചു.
” ഇന്ത്യയുടെ അയൽരാജ്യങ്ങളുമായി എല്ലാക്കാലത്തും നല്ല ബന്ധം പുലർത്താൻ മാത്രമാണ് ആഗ്രഹിക്കുന്നത്. എന്നാൽ ആരെങ്കിലും രാജ്യത്തിന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താനുള്ള ശ്രമം നടത്തിയാൽ, അതിന് ശക്തമായ മറുപടി നൽകാൻ ഇന്ത്യയ്ക്ക് കഴിവുണ്ട്. അരുണാചൽപ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും, ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്ന് വച്ച് അതിന് മാറ്റങ്ങൾ സംഭവിക്കില്ലെന്നും” രാജ്നാഥ് സിംഗ് വ്യക്തമാക്കി. നേരത്തെ അരുണാചൽപ്രദേശിന് മേൽ ചൈന ഉന്നയിച്ച അവകാശവാദങ്ങൾ കേന്ദ്രവിദേശകാര്യമന്ത്രാലയവും തള്ളിയിരുന്നു. അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമാണ് അരുണാചൽ എന്നായിരുന്നു വിഷയത്തിൽ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന.