യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച രാവിലെ വരെ രാജ്യത്ത് പ്രതികൂല കാലാവസ്ഥയായിരിക്കും .ഇന്ന് അർദ്ധരാത്രിയോടെ മഴ ശക്തമാവും നാളെ ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും ചിലയിടങ്ങളിൽ ആലിപ്പഴവർഷത്തിനും സാധ്യതയുണ്ട്.പലയിടങ്ങളിലും വെളളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പിൽ വ്യക്തമാക്കി.
കുട്ടികളുടെയും സ്കൂൾ ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ സർക്കാർ സ്കൂളുകളിൽ നാളെയും മറ്റന്നാളും പഠനം ഓൺലൈനിലേക്ക് മാറ്റിയിട്ടുണ്ട്. റിമോർട്ട് ക്ലാസുകൾ നടത്തണമെന്ന് എമിറേറ്റ്സ് സ്കൂൾ എജ്യുക്കേഷൻ ഫൗണ്ടേഷൻ ആണ് നിർദേശിച്ചത്. എല്ലാ സർക്കാർ ഓഫിസുകൾക്കും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി റാസൽഖൈമയിൽ പാർക്കുകളും ബീച്ചുകളും ഇനി ഒരു അറിയിപ്പുണ്ടായവുന്നത് വരെ അടച്ചിടുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
പ്രതിസന്ധികളെ നേരിടാൻ എല്ലാ വിധമുന്നൊരുക്കങ്ങളും നടത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പുറംജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മതിയായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കാനും മാനവ വിഭവ ശേഷി മന്ത്രാലയം നിർദേശിച്ചു. ഇരുചക്ര വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.