ഭൂമിയിലെ ഏറ്റവും നീളം കൂടിയ പാമ്പ് ഏതെന്ന് ചോദിച്ചാൽ അനക്കോണ്ടയെന്നായിരിക്കും ബഹുഭൂരിപക്ഷത്തിന്റേയും ഉത്തരം. അങ്ങനെയെങ്കിൽ വംശനാശം സംഭവിച്ച പാമ്പുകളേയും കൂടി പരിഗണിക്കുമ്പോൾ ഏത് പാമ്പായിരിക്കും ഏറ്റവും നീളം കൂടിയതെന്ന് ചോദിച്ചാൽ എന്തായിരിക്കും ഉത്തരം? അതിനൊരു ഉത്തരം നൽകിയിരിക്കുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കിയുടെ ഗവേഷക സംഘം.
ഗുജറാത്തിലെ കച്ചിൽ നിന്ന് കണ്ടെത്തിയ ഫോസിലുകൾ ഇതുവരെ ജീവിച്ചിരുന്നതിൽ വച്ച് ഏറ്റവും വലിയ പാമ്പിന്റേതാണെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. കച്ചിലെ പാനന്ദ്രോ ലിഗ്നൈറ്റ് ഖനിയിൽ നിന്നാണ് പൂർണ വളർച്ചയിലെത്തിയ 27 കശേരുക്കൾ ഗവേഷക സംഘത്തിന് ലഭിച്ചത്.
വംശനാശം സംഭവിച്ച മാഡ്സോയിഡേ വർഗത്തിൽപ്പെട്ട പാമ്പിന്റെ ഫോസിലുകളാണിവയെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. 15 മീറ്ററിലധികം വലിപ്പമാണ് മാഡ്സോയിഡേ വർഗത്തിൽപ്പെട്ട പാമ്പുകൾക്കുള്ളത്. എന്നാൽ പൂർണ വളർച്ചയിലെത്തിയ പാമ്പുകൾക്ക് ഇതിനെക്കാൾ വലിപ്പം വയ്ക്കാൻ സാധിക്കുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ആഫ്രിക്ക, യൂറോപ്പ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ കൂടുതലായും കണ്ടു വന്നിരുന്നത്. വലിയ മൃഗങ്ങളെ പോലും നിഷ്പ്രയാസം വലിഞ്ഞു മുറുക്കി കൊലപ്പെടുത്താൻ ഇവയ്ക്ക് സാധിക്കും.
നിലവിൽ കണ്ടെത്തിയിരിക്കുന്ന പാമ്പിന്റെ ഫോസിലുകൾക്ക് ‘വാസുകി ഇൻഡിക്കസ്’ എന്നാണ് പേരിട്ടിരിക്കുന്നതെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ഹിന്ദു ഐതിഹ്യപ്രകാരം ഏറ്റവും നീളം കൂടിയതും ശിവന്റെ കഴുത്തിൽ കിടക്കുന്ന പാമ്പുമാണ് വാസുകി. അതിനാലാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഫോസിലുകൾക്ക് ഈ പേര് നൽകാൻ കാരണമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. വലിപ്പത്തിൽ അനക്കോണ്ടകളെ മാറ്റി നിർത്തുന്നതും വംശനാശം സംഭവിച്ചതുമായ ടൈറ്റനോബോവ പാമ്പുകളെക്കാൾ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഫോസിലുകൾക്ക് വലിപ്പമുണ്ടെന്നാണ് വിലയിരുത്തൽ.