മുംബൈ: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്റെ യുവരാജാവായ രാഹുൽ സ്വന്തം തട്ടകത്തിൽ മത്സരിക്കാതെ ഭയന്നോടുകയാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. രാഹുൽ വടക്കേ ഇന്ത്യയിൽ നിന്ന് ഭയന്നോടി തെക്കേ ഇന്ത്യയിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. മഹാരാഷ്ട്രയിലെ നന്ദേഡിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” കോൺഗ്രസിന്റെ യുവരാജാവ് രാഹുലിന് അമേഠിയിലെ സ്ഥാനം നഷ്ടമായതോടെ അദ്ദേഹം ഭയന്നോടി ഇന്ന് വയനാട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇപ്പോൾ വോട്ടെടുപ്പിനായുള്ള കാത്തിരിപ്പിലാണ് കോൺഗ്രസിലെ രാജാക്കന്മാർ. എന്നാൽ ഫലപ്രഖ്യാപനം വരുന്നതോടെ രാഹുലിനെ വയനാടും കൈവിടും.”- പ്രധാനമന്ത്രി പറഞ്ഞു.
വോട്ടെടുപ്പ് അവസാനിച്ച് ഫലം വരുന്നതോടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുൽ മറ്റൊരു സ്ഥലം കണ്ടെത്തേണ്ടി വരുമെന്നും രാജ്യത്തെ ജനങ്ങൾക്ക് കോൺഗ്രസിന്റെ അഴിമതികൾ മനസിലായി തുടങ്ങിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ വഞ്ചനകൾ മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് മനസിലായിരിക്കുന്നു. ഇനിയുള്ള വർഷങ്ങൾ നന്ദേഡെന്ന നഗരത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ളതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.