തൃശൂർ: തൃശൂർ പൂരം പ്രതിസന്ധിയിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യമാണെന്ന് സുരേഷ് ഗോപി. ജനങ്ങളെ തല്ലാൻ ആരാണ് പൊലീസിന് അധികാരം നൽകിയതെന്നും പൊലീസിന് ആരാണ് നിർദേശം നൽകിയതെന്നും സുരേഷ് ഗോപി ചോദിച്ചു. തൃശൂർ പൂരം മുടങ്ങിയതുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“രമ്യതയിൽ പ്രശ്നം പരിഹരിക്കാനായാണ് ഞാൻ സംസാരിച്ചത്. തിരുവമ്പാടി ദേവസ്വം യുക്തിപൂർവമായ തീരുമാനമാണ് സ്വീകരിച്ചത്. അല്പം വൈകിയാണ് തീരുമാനം ഉണ്ടായത്. പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് പകൽ നടക്കുന്ന നിലയിലേക്ക് ആരാണ് എത്തിച്ചത്. പൂരപ്രേമികളാണ് പൂരത്തെ നിലനിർത്തുന്നത്. അവരെ പങ്കെടുക്കാൻ അനുവദിക്കണം. പൊലീസ് ഉദ്യോഗസ്ഥർ ചിലരുടെ നിർദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്”.
“കരുവന്നൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്ന എല്ലാ തീരുമാനങ്ങളും സ്വാഗതാർഹമാണ്. അദ്ദേഹവുമായി ഞാൻ നിരന്തരം കരൂവന്നൂർ വിഷയം സംസാരിക്കാറുണ്ട്. കേരളത്തിലെ മുഴുവൻ സഹകരണ പ്രസ്ഥാനങ്ങളുടെ അധർമ്മം കെട്ടിയിടണം. ഇത്തരം അധർമ്മപ്രവർത്തനത്തിനെതിരെ എന്ത് നടപടി വന്നാലും സ്വാഗതം ചെയ്യും. കേരളത്തിലെ എത്രയോ സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ പുറത്തുവന്നു കഴിഞ്ഞു. ഇതിനൊക്കെ എത്രയും വേഗത്തിൽ തന്നെ പരിഹാരം ഉണ്ടാകണം”- സുരേഷ് ഗോപി പറഞ്ഞു.