ഇസ്ലാമാബാദ്: അഫ്ഗാൻ അഭയാർത്ഥികളെ പാകിസ്താൻ നാടുകടത്തിയതായി റിപ്പോർട്ട്. അഭയാർത്ഥികളെ ടോർഖാം, സ്പിൻ ബോൾഡാക്ക് ക്രോസിംഗുകൾ വഴിയാണ് തിരികെ അയച്ചത്. ഖാമാ പ്രസ് റിപ്പോർട്ട് അനുസരിച്ച് ഏകദേശം 8000 ൽ അധികം വരുന്ന അഭയാർത്ഥികളെയാണ് പാകിസ്താൻ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാടുകടത്തിയത്.
468 ആളുകൾ ഉൾപ്പെടുന്ന 90 അഫ്ഗാൻ കുടുംബങ്ങൾ ടോർഖാം ക്രോസിങ്ങിലൂടെയും 369 ആളുകൾ അടങ്ങുന്ന 67 കുടുംബങ്ങൾ ബോൾഡാക്ക് ക്രോസിങ്ങിലൂടെയും തിരികെയെത്തിയതായി താലിബാന്റെ നേതൃത്വത്തിലുള്ള അഭയാർത്ഥി-പ്രവാസി പുനരധിവാസ മന്ത്രാലയം സ്ഥിരീകരിച്ചു.
അഫ്ഗാനിസ്ഥാനിൽ മടങ്ങിയെത്തുന്ന അഭയാർഥികളുടെ സ്ഥിതി ഇപ്പോഴും പരിതാപകരമായി തുടരുകയാണ്. പാർപ്പിടം, ശരിയായ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള അടിസ്ഥാന ആവശ്യങ്ങൾപോലും ഇവർക്ക് ലഭ്യമല്ല. നേരിടുന്ന ചൂഷണങ്ങൾക്കും വിവേചനകൾക്കുമെതിരെ പ്രതികരിക്കാൻ പോലുമുള്ള അവകാശം ഇവർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇതിനിടെയാണ് കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രണ്ടാം ഘട്ട നടപടികൾ പാകിസ്താൻ ആരംഭിച്ചിരിക്കുന്നത്. ഇത് അഫ്ഗാൻ അഭയാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ് .