കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡനക്കേസിൽ നീതി തേടിയുള്ള അതിജീവിതയുടെ സമരത്തെ കണ്ടില്ലെന്ന് നടിച്ച് സംസ്ഥാന സർക്കാർ. സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിൽ അതിജീവിത നടത്തുന്ന സമരത്തെയാണ് സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത്. സമരം മൂന്ന് ദിവസം പിന്നിടുമ്പാേഴും സംസ്ഥാന സർക്കാർ തിരിഞ്ഞ് പോലും നോക്കുന്നില്ല.
ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും നീതി ലഭിക്കും വരെ പോരാട്ടം തുടരാൻ തന്നെയാണ് തീരുമാനമെന്ന് അതിജീവിത പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്നോ പൊലീസിന്റെ ഭാഗത്ത് നിന്നാേ ഒരു മറുപടിയും ലഭിച്ചിട്ടില്ല. തികച്ചും ഇത് നീതി നിഷേധമാണ്. അതിജീവിതക്കൊപ്പമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും സമരം ചെയ്യുന്നത് പോലും അവർ അറിഞ്ഞ ഭാവം നടിക്കുന്നില്ല- അതിജീവിത പ്രതികരിച്ചു.
അതിജീവിതിയ്‌ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര സമിതി നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ പരാതി നൽകിയിരുന്നു. എന്നിട്ടും ആവശ്യമായ ഇടപെടൽ നടത്താൻ സർക്കാർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പീഡനക്കേസിൽ പ്രതിക്ക് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ച ഗൈനക്കോളജിസ്റ്റിന്റെ നടപടിക്കെതിരെ യുവതി പൊലീസിനെ സമീപിച്ചിരുന്നു. ആ പരാതിക്കും അനുകൂല നടപടിയുണ്ടായില്ല. ഇതിന് പിന്നാലെയാണ് അതിജീവിത സമരം ശക്തമാക്കിയത്. വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിയും ഇടപെടണമെന്ന ആവശ്യവും ശക്തമാവുകയാണ്.