മുംബൈ:ബോളിവുഡ് താരം സൽമാൻ ഖാന്‍റെ വീടിന് നേരെ വെടിവയ്പ്പു നടത്തിയ അക്രമികൾ ഉപേക്ഷിച്ച തോക്കും വെടിയുണ്ടയും താപ്തി നദിയിൽ നിന്ന് കണ്ടെടുത്തു.കേസിൽ അറസ്റ്റിലായ വിക്കി ഗുപ്ത (24) , സാഗർ പാൽ (21) എന്നിവർ പിസ്റ്റൾ നദിയിൽ എറിഞ്ഞതായി പൊലീസിനോട് സമ്മതിച്ചിരുന്നു. വെടിവയ്പ്പിനു ശേഷം റോഡ് മാർഗം സൂറത്തിലെത്തിയ അക്രമികൾ ട്രെയിനിൽ കയറി ഭുജിലേക്ക് പോകും വഴിയാണ് നദിയിൽ പിസ്റ്റൾ ഉപേക്ഷിച്ചത്.
ഏപ്രിൽ 14നാണ് ബാന്ദ്രയിലെ ഗാലക്സി അപ്പാർട്മെന്‍റിനു മുന്നിൽ വെടിവയ്പ്പുണ്ടായത്. സൂറത്ത് പൊലീസും മുംബൈ പൊലീസും ചേർന്നാണ് തോക്കിനായി തെരച്ചിൽ നടത്തിയത്. നീന്തൽക്കാരുടെയും മീൻപിടിത്തക്കാരുടെയും സഹായത്തോടെയായിരുന്നു തെരച്ചിൽ. അറസ്റ്റിലായ ഗുപ്തയും പാലും തടവിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയ് സഹോദരൻ അൻമോൽ ബിഷ്ണോയ് എന്നിവരുടെ നിർദ്ദേശപ്രകാരമാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.