പാകിസ്താനെ ആക്രമിച്ചാൽ വലിയ ചെലവ് വരും;മുംബൈ ഭീകരാക്രമണത്തിന് ശേഷം തിരിച്ചടിക്കേണ്ടതില്ലെന്ന് യുപിഎ സർക്കാർ തീരുമാനിച്ചു; വിമർശിച്ച് എസ്.ജയശങ്കർ

Published by
Janam Web Desk

ഹൈദരാബാദ്: 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരർക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുൻ യുപിഎ സർക്കാർ തീരുമാനിച്ചതെന്നും, പാകിസ്താനെ ആക്രമിച്ചാൽ അത് വലിയ ചെലവ് വരുത്തും എന്നതാണ് ന്യായീകരണമായി ചൂണ്ടിക്കാണിച്ചതെന്നുമുള്ള വിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഗ്ലോബൽ സൗത്തിന്റെ ശബ്ദമാണ് ഇന്ത്യയെന്നും, ദക്ഷിണേഷ്യയിലെ രാജ്യങ്ങൾ ആഗോള തലത്തിൽ തങ്ങളുടെ ലക്ഷ്യവും സ്ഥാനവും നേടിയെടുക്കാൻ ഇന്ത്യയിൽ വിശ്വാസമർപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

” ഇന്ത്യ ഗ്ലോബൽ സൗത്തിന്റെ ശബ്ദമാണ്. അതായത് 125ഓളം രാജ്യങ്ങൾ ഇതിനുള്ളിൽ വരും. അവരെല്ലാവരും ഇന്ത്യയിൽ വിശ്വാസമർപ്പിക്കുന്നു. ആഗോള തലത്തിൽ അവരുടെ സ്ഥാനവും ലക്ഷ്യവും ഉറപ്പിക്കാൻ ഇന്ത്യ അവരെ സഹായിക്കുമെന്നും അവർക്ക് അറിയാം. അതിർത്തി മേഖലകളിൽ ഇന്ത്യ പലപ്പോഴും വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഒരു പൊതുസ്ഥലത്ത് നിലയുറപ്പിക്കുക എന്നത് മാത്രമല്ല അവരെ പ്രതിരോധിക്കാനുള്ള മാർഗം. മറിച്ച് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക. സൈന്യത്തിന് ആവശ്യമായ പിന്തുണ നൽകുക, അതിർത്തിയിൽ ഭീഷണി ഉയരുമ്പോഴെല്ലാം ശക്തമായി പ്രതിരോധിക്കുന്ന സംവിധാനം ഒരുക്കുക എന്നതെല്ലാമാണ്.

മുൻ യുപിഎ സർക്കാരിന്റെ കാലത്ത് അവർക്കൊരിക്കലും തീവ്രവാദമെന്ന വിപത്തിനെ ശക്തമായി പ്രതിരോധിക്കാൻ സാധിച്ചിട്ടില്ല. തീവ്രവാദം എന്നത് സാധാരണ വിഷയമെന്ന മട്ടിലാണ് അവർ കണ്ടിരുന്നത്. മുംബൈ ഭീകരാക്രണം നടന്നതിന് ശേഷം സംഭവിച്ച കാര്യങ്ങളെ കുറിച്ച് മുൻ യുപിഎ സർക്കാരിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇങ്ങനെയാണ് പറഞ്ഞത്.

ഞങ്ങൾ ഒരുമിച്ച് ഇരുന്നു, തർക്കങ്ങളുണ്ടായി. വിവിധ കാര്യങ്ങൾ പരിഗണിച്ചു. പിന്നെ തീരുമാനിച്ചത് ഇങ്ങനെയാണ്, മുന്നോട്ട് ഒന്നും ചെയ്യേണ്ടതില്ല എന്നായിരുന്നു തീരുമാനം. കാരണം പാകിസ്താനെ ആക്രമിക്കാനുള്ള ചെലവ് വളരെ അധികം കൂടുതലായിരിക്കും എന്നാണ് ചർച്ചയിൽ ഉരുത്തിരിഞ്ഞ് വന്ന ഓപ്ഷൻ എന്നാണ് ആ വ്യക്തി പറഞ്ഞത്. ഇക്കാര്യത്തിൽ നിങ്ങൾ തന്നെ ചിന്തിച്ച് നോക്കൂ. ഇപ്രകാരമാണോ പ്രതിരോധനയം വരേണ്ടത്? വിദേശനയം ഇന്ന് ആത്മവിശ്വാസത്തിന്റെ പാതയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഭീകരർക്ക് അതിർത്തി കടന്ന് മറുപടി നൽകാൻ ഇന്ന് ഈ സർക്കാരിന് യാതൊരു മടിയും ഇല്ലെന്നും” ജയശങ്കർ വ്യക്തമാക്കി.

Share
Leave a Comment