ന്യൂഡൽഹി: തെരഞ്ഞെടുപ്പ് റാലിയിൽ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശം ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ ഏറ്റെടുത്തതിന് ശേഷം ഇന്ത്യയിലേക്ക് സിഖുകാരുടെ വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് കൊണ്ട് വരാൻ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളുടെ പരാമർശവും ചട്ടലംഘനമല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
എൻഡിഎ സർക്കാരിന്റെ ഭരണനേട്ടങ്ങൾ മാത്രമാണ് പ്രധാനമന്ത്രി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ജനങ്ങൾക്കിടയിൽ വർഗീയതയോ മതസ്പർദ്ധയോ വളർത്തുന്ന പരാമർശമല്ല പ്രധാനമന്ത്രി നടത്തിയത്. ഒരു സാധാരണ പരാമർശത്തിന്റെ പേരിൽ നടപടിയെടുക്കാൻ സാധിക്കില്ല. നടപടിയെടുക്കുന്നത് പ്രചാരണത്തിനുള്ള അവകാശം ലംഘിക്കുന്നതിന് തുല്യമാണെന്നും കമ്മീഷൻ വിലയിരുത്തി.
മതത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ച പ്രധാനമന്ത്രിയുടെ നടപടി മാതൃകാ പെരുമാറ്റ ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി അഭിഭാഷകൻ ആനന്ദ് ജോൺഡെയ്‌ലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.