ഒരു വർഷം മുൻപ് കാണാതായ തായ്ലൻഡ് മോഡലിന്റെ മൃതദേഹം ബഹ്റൈനിലെ ഒരു മോർച്ചറിയിൽ കണ്ടെത്തി. 31-കാരിയായ കൈകാൻ കെന്നകം എന്ന യുവതിയാണ് മരിച്ചത്. കുടൂതൽ അവസരങ്ങൾ കണ്ടെത്താൻ വേണ്ടിയാണ് അവർ രാജ്യം വിട്ടത്. മൂന്നുവർഷം മുൻപ് ബഹ്റൈനിലെ ഒരു റെസ്റ്റോറന്റിൽ ജോലി ലഭിച്ച ഇവർ ബഹ്റൈൻ സ്വദേശിയായ യുവാവിനൊപ്പമായിരുന്നു താമസം. ഇതിന്റെ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
എന്നാൽ 2023 ഏപ്രിലോടെ പോസ്റ്റുകൾ നിലച്ചു. യുവതിയെ ഫോണിലും ബന്ധപ്പെടാൻ സാധിച്ചില്ല. ഇതോടെ ജനുവരിൽ തായ് എംബസിയെ ബന്ധപ്പെട്ട് കുടുംബം സഹായം അഭ്യർത്ഥിച്ചു. എന്നാൽ യുവതിയെ കണ്ടെത്താനായില്ല. ഏപ്രിൽ 18ന് തായ് എംബസി കുടുംബത്തെ ബന്ധപ്പെടുകയും തിരിച്ചറിയപ്പെടാത്ത ഒരു ഏഷ്യൻ യുവതിയുടെ മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സിന്റെ മോർച്ചറിയിൽ കണ്ടെത്തിയെന്നും അറിയിച്ചു. കുടുംബമെത്തി യുവതിയെ തിരിച്ചറിഞ്ഞു.
കാലിലുണ്ടായിരുന്ന ടാറ്റുവാണ് കുടുംബത്തെ മകളെ തിരിച്ചറിയാൻ സഹായിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഇവർ സ്ഥിരം മദ്യപാനിയായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. മൃതദേഹം നാട്ടിലെത്തിക്കാനും ആചരപരമായ ചടങ്ങുകൾ നടത്താൻ സാഹായിക്കണമെന്നും ആവശ്യപ്പെട്ട് ഇവർ എംബസിയെ സമീപിച്ചിട്ടുണ്ട്.