പ്രതിശ്രുത വരനെ കുറിച്ചുള്ള സാമൂഹ്യമാദ്ധ്യമ വിമർശനങ്ങളിൽ പ്രതികരിച്ച് വരലക്ഷ്മി ശരത്കുമാർ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിമർശനങ്ങൾക്ക് മറുപടിയുമായി വരലക്ഷ്മിയെത്തിയത്.
തമിഴ് നടൻ ശരത് കുമാറിന്റെ മകൾ വരലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞയിടയ്ക്ക് മുംബൈയിൽ വച്ചാണ് നടന്നത്. ആർട്ട് ഗ്യാലറിസ്റ്റ് നിക്കോളായ് സച്ച്ദേവാണ് വരലക്ഷ്മിയുടെ പ്രതിശ്രുത വരൻ. ഇരുവരുടെയും ചിത്രങ്ങൾ
സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ നിരവധി വിദ്വേഷ കമന്റുകൾ വന്നിരുന്നു. നിക്കോളായ് സച്ച്ദേവിനെ കുറിച്ചായിരുന്നു മോശം കമന്റുകൾ. ഇതിൽ പ്രതികരിച്ചാണ് വരലക്ഷ്മി രംഗത്തെത്തിയത്.
“നമുക്കെതിരെ വരുന്ന മോശം അഭിപ്രായങ്ങൾ കാര്യമാക്കുന്നില്ല. നിക്കിനെ കുറിച്ച് ആളുകൾ പറയുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്. എന്റെ കണ്ണിൽ അവൻ സുന്ദരനാണ്. രണ്ട് വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്. എന്റെ അച്ഛൻ രണ്ട് വിവാഹം കഴിച്ചു. അവർ ഇപ്പോൾ സന്തോഷമായിരിക്കുന്നു. ഞങ്ങൾക്കെതിരെയുള്ള നെഗറ്റീവ് കമന്റുകൾക്ക് ഞാൻ എന്തിന് ഉത്തരം പറയണം. അതുകൊണ്ട് ആദ്യം തന്നെ ഞാൻ അതൊക്കെ ഒഴിവാക്കി”.
നിക്കോളായയുടെ ആദ്യ ഭാര്യ എന്റെ സുഹൃത്താണ്. നിക്കിന്റെ എല്ലാ വിവരങ്ങളും എനിക്കറിയാം. എല്ലാ കാര്യങ്ങൾക്കും അദ്ദേഹം എന്റെയൊപ്പമുണ്ട്. എന്നെ വളരെയധികം സ്നേഹിക്കുന്നുവെന്നും വരലക്ഷ്മി പറഞ്ഞു.
വരലക്ഷ്മി ശരത്കുമാറും നിക്കോളായ് സച്ച്ദേവും കഴിഞ്ഞ 14 വർഷമായി പരിചയക്കാരാണ്. എന്നാൽ അടുത്തിടെയാണ് ഇരുവരും പ്രണയത്തിലായത്. തുടർന്ന് വിവാഹനിശ്ചയത്തിലേക്ക് കടക്കുകയായിരുന്നു.