ബെംഗളൂരു: പ്രീണന രാഷ്ട്രീയത്തിനായി വോട്ടുബാങ്കിന് മുന്നിൽ മുട്ടുകുത്തി നിന്നവരാണ് കോൺഗ്രസുകാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടകയിലെ ബെല്ലാരിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഹുബ്ബള്ളിയിലെ കോളേജ് വിദ്യാർത്ഥിനിയുടെ കൊലപാതകവും ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനവും കോൺഗ്രസിന്റെ നയങ്ങളുടെ ഫലമാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.
വോട്ടുബാങ്ക് നഷ്ടപ്പെടാതിരിക്കാൻ സംസ്ഥാനത്തെ കുറ്റകൃത്യങ്ങളും ഭീകരവാദ പ്രവർത്തനങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന സമീപനം അംഗീകരിക്കാനാവില്ല. കോൺഗ്രസിന്റെ വിട്ടുവീഴ്ചകൾ കർണാടകയ്ക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ അപകടകരമാണ്. പ്രീണനരാഷ്ട്രീയം പയറ്റുന്ന കോൺഗ്രസിന് വോട്ടുബാങ്കിന് മുന്നിൽ മുട്ടുകുത്തേണ്ടി വന്നു. എന്തൊക്കെ സംഭവിച്ചിട്ടും അതിൽ നിന്ന് പാഠം പഠിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും നരേന്ദ്രമോദി വിമർശിച്ചു.
അപകടകരമായ സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. രാജ്യത്തെ തകർക്കുകയെന്നതാണ് അവരുടെ ലക്ഷ്യം, മോദി സർക്കാരാണ് പിഎഫ്ഐയെ നിരോധിച്ചത്. പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഇന്ന് ജയിലിൽ കിടക്കുകയാണ്. എന്നാൽ പിഎഫ്ഐയെ ലൈഫ്-ലൈനായാണ് കോൺഗ്രസ് കാണുന്നത്. പോപ്പുലർ ഫ്രണ്ടിനോട് സഹതാപം കാണിച്ച് അതിൽ നിന്നും നേട്ടം കൊയ്യാനാണ് കോൺഗ്രസിന്റെ ശ്രമം. ഇത്തരം സമീപനങ്ങൾ കാരണമാണ് ബെംഗളൂരുവിലെ കഫേയിൽ ബോംബ് സ്ഫോടനമടക്കം സംഭവിച്ചത്.
കോൺഗ്രസിന്റെ ഭരണത്തിൽ നമ്മുടെ പെൺമക്കളാരും സുരക്ഷിതരല്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഹുബ്ബള്ളിയിലെ കോളേജിൽ വച്ച് പട്ടാപ്പകൽ ഒരു പെൺകുട്ടി കൊല്ലപ്പെട്ടു. ഇത്തരം അതിക്രമങ്ങൾ ചെയ്യുന്നവർക്ക് യാതൊന്നിനെയും ഭയമില്ല. കർണാടകയിൽ ജീവിക്കുന്ന പെൺമക്കളുടെ മാതാപിതാക്കൾ ഇന്ന് ആശങ്കയിലാണ്. കോൺഗ്രസ് സർക്കാർ കൈക്കൊണ്ട നയങ്ങളുടെ ഫലമാണിത്. എന്തായിരുന്നു നേഹ ഹിരേമത്ത് ചെയ്ത കുറ്റം? കോളേജ് കാമ്പസിൽ ഒരാളെ കുത്തിക്കൊല്ലാനുള്ള ധൈര്യം എങ്ങനെയാണ് ഒരു വ്യക്തിക്ക് ലഭിക്കുന്നത്. വോട്ടുബാങ്കിനായി വിശന്നിരിക്കുന്ന സർക്കാർ തങ്ങളെ വന്ന് രക്ഷപ്പെടുത്തുമെന്ന് ഈ കുറ്റവാളികൾ കരുതുന്നു.
കഫേയിൽ നടന്ന സ്ഫോടനത്തിന് കാരണം അടുക്കളയിലെ സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് കോൺഗ്രസുകാർ ആദ്യം പറഞ്ഞത്. അതല്ല, വ്യവസായികൾ തമ്മിലുള്ള വൈരാഗ്യത്തിന്റെ ബാക്കിപത്രമാണെന്നും പിന്നീട് പറഞ്ഞു. ഒടുവിൽ എൻഐഎ എത്തി അന്വേഷിച്ചപ്പോഴാണ് സ്ഫോടനത്തിന് പിന്നിലെ ആസൂത്രണവും ഗൂഢാലോചനയും പുറത്തുവന്നത്. പ്രതികളെ ബംഗാളിൽ നിന്ന് പിടികൂടുകയും ചെയ്തു. കർണാടകയെ നശിപ്പിക്കാനുള്ള തിരക്കിലാണ് കോൺഗ്രസുകാർ. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിന് പകരം സാമൂഹ്യവിരുദ്ധ, ദേശവിരുദ്ധ കാഴ്ചപ്പാടിന് വളമിടുകയാണ് കോൺഗ്രസുകാരെന്നും പ്രധാനമന്ത്രി വിമർശിച്ചു.