ന്യൂഡൽഹി: വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപി 400ലധികം സീറ്റുകളിലധികം നേടുമെന്ന പ്രതീക്ഷ പങ്കുവച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കുറഞ്ഞ പോളിംഗ് ശതമാനം ഒരിക്കലും ആശങ്കയുണ്ടാക്കുന്ന ഘടകം അല്ലെന്നും പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ അധികാരത്തിൽ എത്തണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
” കുറഞ്ഞ വോട്ടിംഗ് ശതമാനം ഒരിക്കലും ബിജെപിക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമല്ല, മറിച്ച് അത് പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നുണ്ടാകാം. നരേന്ദ്രമോദി തന്നെ രാജ്യത്തെ നയിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. ജനങ്ങളിൽ ഇത് വളരെ അധികം അഭിമാനബോധം ഉണ്ടാക്കുന്നുണ്ട്. ഇന്ത്യ അതിവേഗം വളരെ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് പല അന്താരാഷ്‌ട്ര ഏജൻസികളും സമ്മതിച്ച് കഴിഞ്ഞു.
മോദി സർക്കാർ നടപ്പാക്കിയ പദ്ധതികൾ എല്ലാക്കാലത്തും ജനങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്. വീട്, ഗ്യാസ്, സിലിണ്ടർ, റേഷൻ തുടങ്ങീ സാധാരണക്കാർക്ക് വളരെ അധികം പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് അദ്ദേഹം നടപ്പിലാക്കിയത്. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനായി എന്നത് സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടമായിട്ടാണ് ഞാൻ വിലയിരുത്തുന്നത്.
നീതിയിലും മനുഷ്യത്വത്തിലും അധിഷ്ഠിതമായിരിക്കണം രാഷ്‌ട്രീയം എന്നാണ് ബിജെപി വിശ്വസിക്കുന്നത്. എന്നാൽ പ്രതിപക്ഷ പാർട്ടികളെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രീയമെന്നാൽ പ്രീണനം എന്നാണ് അർത്ഥം.ജാതിയുടേയും മതത്തിന്റേയും പേരിൽ ഈ രാജ്യത്ത് വിവേചനം നടപ്പാകുന്നില്ലെന്ന ആത്മവിശ്വാസം ജനങ്ങളിൽ ഉണ്ടാക്കിയെടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
ഭരണഘടന മാറ്റുമെന്ന തരത്തിൽ കോൺഗ്രസ് പ്രചരിപ്പിക്കുന്ന വാദങ്ങൾ അങ്ങേയറ്റം അടിസ്ഥാനരഹിതമാണ്. ജനങ്ങളെ ഏതെല്ലാം രീതിയിൽ തെറ്റിദ്ധരിപ്പിക്കാൻ സാധിക്കുമോ, അതിനെല്ലാം പ്രതിപക്ഷം ശ്രമിക്കുന്നുണ്ട്. അവർക്കിടയിൽ ഭയം ഉണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ, അത് മാറ്റി ജനങ്ങളെ ബോധവത്കരിക്കാനാണ് ബിജെപി ശ്രമിച്ചിട്ടുള്ളത്. ഇക്കുറി 350ലധികം സീറ്റുകൾ നേടണമെന്ന ലക്ഷ്യമാണ് ബിജെപിക്ക് മുന്നിലുള്ളത്. ദക്ഷിണേന്ത്യയിലും ബിജെപി മികച്ച പ്രകടനം കാഴ്ച വയ്‌ക്കുമെന്നും” അദ്ദേഹം വ്യക്തമാക്കി.