ഭുവനേശ്വർ: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ ഒഡിഷയെ സേവിക്കാൻ ബിജെപിക്ക് ജനങ്ങൾ അവസരം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്കാരവും പൈതൃകവും പിന്തുടരുന്ന ഒരു സംസ്ഥാനമാണ് ഒഡിഷ. എന്നാൽ സംസ്ഥാനത്തിന്റെ അന്തസ്സും പൈതൃകവും നശിപ്പിക്കുന്ന ഭരണമാണ് ഇപ്പോൾ ഒഡിഷയിലുള്ളതെന്നും പ്രധാനമന്ത്രി വിമർശിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
” ഒഡിഷയ്ക്ക് സുന്ദരമായ ഭാഷയും സംസ്കാരവുമുണ്ട്. എന്നാൽ ഇന്ന് ഒഡിഷയുടെ അഭിമാനവും ഒഡിയ ഭാഷയും അപകടത്തിലാവുന്നു. ഇവിടുത്തെ ജനങ്ങൾ എത്രകാലം ഇതൊക്കെ സഹിച്ച് മുന്നോട്ടു പോകുമെന്ന് അറിയില്ല. അതിനാൽ വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒഡിഷയിലെ ജനങ്ങൾ അവസരം നൽകുന്നതാണ്”.- പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രതലത്തിൽ ബിജെപിക്ക് ബിജെഡി പലപ്പോഴും പിന്തുണ നൽകിയിട്ടുണ്ട്. അതുപോലെ മറ്റു പല പാർട്ടികളും ബിജെപിക്ക് പിന്തുണ നൽകുന്നു. എന്നിരുന്നാലും ഒഡിഷയിൽ ബിജെപിയും ബിജെഡിയും തമ്മിൽ സഖ്യമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒഡിഷയെ സമ്പന്ന സംസ്ഥാനമാക്കി മാറ്റാനുള്ള ആഗ്രഹം സംസ്ഥാനത്തെ ഓരോ പൗരനുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേയ് 13 മുതൽ ജൂൺ 1 വരെ നാല് ഘട്ടങ്ങളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും നടക്കുന്നത്.